നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ തകർന്ന മേൽക്കൂര ഉടൻ മുൻപത്തേതുപോലെ പുനർനിർമ്മിക്കുമെന്നും അതിനായുള്ള ചെലവുകൾ ദേവസ്വം ബോർഡ് വഹിക്കുമെന്നും തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു പറഞ്ഞു. ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗണേശൻ, ദേവസ്വം ജോയിന്റ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ക്ഷേത്ര മേൽശാന്തി ഉൾപ്പെടെ എട്ട് ജീവനക്കാരെ ചോദ്യം ചെയ്തിട്ടുണ്ട്. ഭക്തജനങ്ങളുടെ ആവശ്യപ്രകാരം ഉടൻ ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തുകയും ആവശ്യമായ പരിഹാര പൂജകൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മനോ തങ്കരാജ്, ദേവസ്വം ജോയിന്റ് കമ്മിഷണർ സെൽവരാജ്, എം.എൽ.എമാരായ രാജേഷ്, പ്രിൻസ്, വിജയധരണി, എം.ആർ. ഗാന്ധി എന്നിവരും മന്ത്രിയോടൊപ്പം ക്ഷേത്രം സന്ദർശിച്ചു.