
തിരുവനന്തപുരം: തീരപ്രദേശത്തെ കടലാക്രമണം അഞ്ചുവർഷം കൊണ്ട് ശാശ്വതമായി പരിഹരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വാഗ്ദാനം യാഥാർത്ഥ്യമാക്കാൻ 5300 കോടി രൂപയുടെ പദ്ധതി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. കിഫ്ബിയിൽ നിന്ന് 1500 കോടിയും നബാർഡ്, ലോകബാങ്ക് എന്നിവയിൽ നിന്ന് ബാക്കിയും സംഘടിപ്പിക്കും. ജൂലൈയിൽ ടെൻഡർ ചെയ്ത് പണി തുടങ്ങും.
വളരെ ദുർബലമായ സ്ഥലങ്ങളിൽ ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണമൊരുക്കുന്ന ജോലിയാണ് ജൂലൈയിൽ തുടങ്ങുക. മറ്റിടങ്ങളിൽ ആന്റി സ്‌കവർ ഇരട്ട ലെയേർഡ് ടെട്രാപോഡുകൾ, കണ്ടൽക്കാടുകൾ, ആന്റി സ്‌കവർ ലെയറുള്ള ഡയഫ്രം മതിലുകൾ, റോളിംഗ് ബാരിയർ സിസ്റ്റം, ജിയോ കണ്ടെയ്‌നറുകൾ, ജിയോ ട്യൂബുകൾ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളാണ് നടപ്പാക്കുക. ഒാരോ സ്ഥലത്തിനും ഉചിതമായ പദ്ധതി കണ്ടെത്താൻ ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനങ്ങൾ നടത്തും. ഇതിനായി കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒാഷൻ ടെക്നോളജി, ഐ.ഐ.ടി. ചെന്നൈ, ഐ.ഐ.ടി.പാലക്കാട്, എൻജിനിയിംഗ് കോളേജുകൾ, എന്നിവയുടെ സഹായം തേടും.പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് അതത് തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ, സാമൂഹ്യ സംഘടനകൾ എന്നിവയുടെ ഉപദേശവും പരിഗണിക്കും. അടുത്ത വർഷം മുതൽ ഇതിന്റെ പ്രയോജനം കിട്ടിത്തുടങ്ങും.
തീരദേശ ഹൈവേ നിർമ്മാണം വേഗം കൂട്ടും
645.19കിലോമീറ്റർ തീരദേശ ഹൈവേ നിർമ്മാണപദ്ധതി തയ്യാറാക്കിയെങ്കിലും ഇതുവരെ തുടങ്ങിയത് രണ്ട് ചെറിയ റീച്ചുകളിൽ മാത്രം. കിഫ്ബി സഹായത്തോടെ 6500കോടി രൂപയുടേതാണ് പദ്ധതി. ഇതിന്റെ വേഗം കൂട്ടും. കൂടാതെ ഈ പായോരത്ത് 25 അമിനിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കും. സ്ഥലം ഏറ്റെടുക്കാനും മറ്റുമായി 240കോടിരൂപ ബഡ്ജറ്റിൽ വകയിരുത്തി. ഇത് കിഫ്ബിയിൽ നിന്നെടുക്കും. കേന്ദ്രങ്ങൾ നിർമ്മിക്കാൻ മൊത്തം 1500 കോടി ചെലവ് വരും. ഇത് സംരംഭകർ വഹിക്കും.