മലയിൻകീഴ്: തന്റെ വ്യാജഒപ്പ് ഉപയോഗിച്ച് ആ‌ർ.ആർ.ടി വോളന്റിയർമാരുടെ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായി മാറനല്ലൂർ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പ്രേമവല്ലി മാറനല്ലൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളാണെന്നും നിരവധി അബ്കാരി കേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളായിരുന്ന ഇവർ ലോക്ക്ഡൗണിൽ യാത്ര ചെയ്യാനാണ് തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതെന്നും പരാതിയിൽ പറയുന്നു. വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചവർ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇത്തരത്തിൽ കൂടുതൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. മാറനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.