budjet

 ജി. വിജയരാഘവൻ

സാമ്പത്തിക വിദഗ്ദ്ധൻ

പുതിയൊരു മന്ത്രി പതിനഞ്ച് ദിവസം കൊണ്ട് ഇന്നത്തെ സാഹചര്യമനുസരിച്ച് പഴയ ബഡ്ജറ്റിനെ മാറ്റിയെടുത്തു എന്നതിന് പത്തിൽ ഏഴ് മാർക്ക് ബാലഗോപാലിന് നൽകാൻ കഴിയും. എന്നാൽ, മന്ത്രിയെ വിലയിരുത്താറായില്ല എന്നതാണ് യാഥാർത്ഥ്യം. തോമസ് ഐസക് പ്രഖ്യാപിച്ച പൂർണ്ണ ബഡ്ജറ്റിൽ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി തയ്യാറാക്കിയ ബഡ്ജറ്റാണിത്. പൂർണ്ണമായ കൈയൊപ്പ് പതിഞ്ഞിട്ടില്ല. അടുത്ത ഫെബ്രുവരിയിൽ തയ്യാറാക്കുന്ന ബഡ്ജറ്റിലാണ് ധനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് പുറത്തുവരിക.
കൊവിഡ് സാഹചര്യത്തെ നേരിടുന്നതിന് വേണ്ടിയുള്ള പദ്ധതികൾ പരാമർശിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി പ്രത്യേക പ്ലാറ്റ്ഫോം എന്നതും ശ്രദ്ധേയം. നോളജ് ഇക്കോണമി, ടൂറിസം വികസനം എന്നിവയും വളരെ പ്രത്യാശ നൽകുന്നതാണ്. എന്നാൽ, ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇനിയും ഇത്തരമൊരു അവസ്ഥ ഉണ്ടായാൽ അതിനെ മറികടക്കാനുള്ള പദ്ധതികൾ കൂടി ഉൾക്കൊള്ളിക്കാമായിരുന്നു.

ഏതു ദുരന്തമുണ്ടായാലും ആദ്യം ബാധിക്കുന്നത് ടൂറിസം, ഐ.ടി മേഖലകളെയാണ്. ആ മേഖലകളിൽ ജോലി ചെയ്യുന്നവർ കഷ്ടപ്പാടിലാണ്. ഐ.ടി മേഖല ഇപ്പോൾ അല്പം ഉണർന്നിട്ടുണ്ടെകിലും ടൂറിസം രംഗത്തുള്ളവർ ഒരു വർഷത്തിലേറെയായി കഷ്ടപ്പാടിലാണ്. ഇത്തരം സാഹചര്യം അതിജീവിക്കാൻ പങ്കാളിത്ത (കോൺട്രിബ്യൂട്ടറി) പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച് ഇനിയും ആലോചിക്കാവുന്നതാണ്.