photo

പാലോട്: മടത്തറ തട്ടുപാലത്ത് വ്യാജവാറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കള്ളനോട്ടും വ്യാജചാരായവും കഞ്ചാവും എയർഗണ്ണും കണ്ടെത്തിയ കേസിലെ പ്രതി കൊച്ചാലുംമൂട് സ്വദേശി ഇർഷാദിനെ നെടുമങ്ങാട്ട് നിന്ന് നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടി. വക്കീലിനെ കാണുന്നതിനായി ഇർഷാദ് എത്തുമെന്ന രഹസ്യവിവരം ലഭിച്ച എക്സൈസ് ഇൻസ്‌പെക്ടർ മനുവിന്റെ നി‌ർദ്ദേശപ്രകാരം സിവിൽ എക്സൈസ് ഓഫീസർ നജിമുദ്ദീൻ, ഷജീർ എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്‌തത്.

കഴിഞ്ഞ ദിവസം പാലോട് പൊലീസും വാമനപുരം എക്സൈസും നടത്തിയ റെയ്ഡിൽ ഇയാളുടെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നുമായി 1.61 ലക്ഷം രൂപയുടെ വ്യാജ കറൻസിയും 2.6 കിലോ കഞ്ചാവും 36,500 രൂപയും എയർഗണ്ണുമാണ് പിടിച്ചെടുത്തത്. അബ്കാരി കേസിൽ ഇയാൾ മുമ്പും ജയിലിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഫോട്ടോ: പ്രതി ഇർഷാദ്