general

ബാലരാമപുരം: കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയ വിദ്യാർത്ഥിനികളായ മഞ്ചുവിനെയും ആശയെയും സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ പൊന്നാടയണിയിച്ചു. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എച്ച് സാദിക്കലി, ബ്ലോക്ക് മെമ്പർ ആർ.എസ്.വസന്തകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.രജിത് കുമാർ, കെ.പി.ഷീല, ഗോപിനാഥൻ, നേതാക്കളായ വി.ഹരികുമാർ, ആലുവിള പ്രകാശ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം മഞ്ചു ഉൾപ്പെടെയുള്ള അഞ്ചംഗ ദ്രുതകർമസേനാംഗങ്ങൾ ഓഫീസ് വാർഡിൽ മരണപ്പെട്ടയാളുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിക്കുകയായിരുന്നു. കൊവിഡ് ബാധിതരുടെ വീടുകൾ അണുവിമുക്തമാക്കൽ, ഡൊമിസിലിയറി കെയർ സെന്ററിലും വീടുകളിലും മരുന്നെത്തിക്കൽ, സാമൂഹിക അടുക്കളയിലെ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ആശ നേതൃത്വം നൽകുന്നത്. സി.പി.ഐ.എം ആലുവിള ബ്രാഞ്ചംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബാലരാമപുരം തലയൽ പുത്രവിള വീട്ടിൽ പി.മഞ്ചു സംസ്കൃത കോളേജിലെ അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. പാറശാല സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാംവർഷ നിയമ വിദ്യാർത്ഥിയാണ് വില്ലിക്കുളം മേലെത്തട്ട് പുത്തൻവീട്ടിൽ താമസിക്കുന്ന എസ്.ആർ.ആശ.

caption: കൊവിഡ് ദ്രുതകർമസേനാംഗങ്ങളായ മഞ്ചുവിനെയും ആശയെയും സി.പി..എം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ആദരിക്കുന്നു.