കഴക്കൂട്ടം: വാഹനത്തിന് കടന്നുപോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് രാത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആംബുലൻസിൽ എ.എസ്.ഐയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ആംബുലൻസ് ഡ്രൈവറെ മംഗലപുരം പൊലീസ് അറസ്റ്ര് ചെയ്തു. ശ്രീകാര്യം ചെറുവയ്ക്കൽ ലീലാഭവനിൽ വിശാഖാണ് (27) അറസ്റ്രിലായത്. മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് താമസിക്കുന്ന കെ.എസ്.ഇ.ബിയിലെ വിജിലൻസ് എ.എസ്.ഐ ഷാനവാസിന്റെ പരാതിയിലാണ് ഡ്രൈവറെ അറസ്റ്റുചെയ്തത്. ഷാനവാസ് മകളെയും കൂട്ടി കാറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് കണിയാപുരത്തുവച്ച് ആംബുലൻസിന് കടന്നുപോകാൻ വഴികൊടുത്തില്ലെന്നു പറഞ്ഞ് വിശാഖ് അസഭ്യം പറഞ്ഞത്. ഇരുവരും തമ്മിലുള്ള വാക്കേറ്രത്തെ തുടർന്ന് വിശാഖ് ആംബുലൻസുമായി കാറിനെ പിൻതുടർന്ന് ഷാനാവാസിന്റെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആറ്റിങ്ങൽ ഗവ. ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്.

രോഗിയെ കൂടാതെ രണ്ടു പെൺകുട്ടികളും അവരുടെ അപ്പൂപ്പനുമാണ് ആംബുലൻസിലുണ്ടായിരുന്നത്. മംഗലപുരം സി.ഐ ടോംസൺ, എസ്.ഐ സജുസുധാകർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.