കിളിമാനൂർ: കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഹരി കലർന്ന അരിഷ്ടം വിറ്റ കാരേറ്റ് ആര്യവൈദ്യശാല പൊലീസ് സീൽ ചെയ്തു. മദ്യത്തിന്റെ ഗന്ധമുള്ള ആയുർവേദ മരുന്നുപയോഗം കിളിമാനൂരിലും പരിസരങ്ങളിലും വ്യാപകമായതോടെ ഇവിടങ്ങളിൽ അക്രമങ്ങൾ രൂക്ഷമായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി സി.എസ് ഹരിയുടെ നിർദ്ദേശാനുസരണം കിളിമാനൂർ പൊലീസ് നടത്തിയ റെയ്ഡിലാണ് കാരേറ്റ് ജംഗ്ഷനിലെ കെ.എൻ.വി ആര്യ വൈദ്യശാലയിൽ നിന്നും മദ്യം കലർന്ന 50 ലിറ്ററോളം അശോകാരിഷ്ടം പൊലീസ് പിടിച്ചെടുത്തത്. യാതൊരു രേഖയുമില്ലാതെയാണ് ചെറുപ്പക്കാർക്കും തൊഴിലാളികൾക്കും അരിഷ്ടം വിറ്റിരുന്നതെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐമാരായ ജയേഷ്.ടി.ജെ, ഷാജി.ടി.കെ, എ.എസ്.ഐ താജുദീൻ, സി.പി.ഓമാരായ രഞ്ജിത് രാജ്, റിയാസ്, ഗായത്രി എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.