tankachan

കാട്ടാക്കട: മണ്ണിടിഞ്ഞുവീണ് വീടു തകർന്ന കുടുംബത്തിന് ആശ്രയമായി ഗ്രാമപഞ്ചായത്തംഗം. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട കട്ടക്കോട് കരിയംകോട് ഗീതു ഭവനിൽ ജോണിന്റെ വീട്ടിലേക്കാണ് വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് സമീപത്തെ ഇരുപതു അടിയിലേറെ പൊക്കമുള്ള പുരയിടത്തിലെ മണ്ണ് ഇടിഞ്ഞു വീണത്. ഈ സമയം വീട്ടുകാർ കിടക്കാനുള്ള തയാറെടുപ്പിലായിരുന്നു. മണ്ണിടിച്ചിലിൽ പുരയിടത്തിന്റെ ഒരുഭാഗം പൂർണമായി തകർന്നു.

ജോണിന്റെ ഭാര്യ സനൽ ഭായി, മൂത്തമകൾ നീതു, മരുമകൻ ഗിരീഷ്, ഇവരുടെ ഒന്നര വയസുകാരി മകൾ, ജോണിന്റെ ഇളയ മകൾ ഗീതു എന്നിവർ സംഭവസമയം വീട്ടിലുണ്ടായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൂവച്ചൽ ഗ്രാമപഞ്ചായത്തംഗവും വാർഡ് മെമ്പറുമായ കട്ടയ്ക്കോട് തങ്കച്ചനും ഒപ്പമെത്തിയവരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആറംഗ കുടുംബത്തെ പാർപ്പിക്കുന്നതിനായി താലൂക്ക് ഓഫീസിൽ ഉൾപ്പെടെ ബന്ധപ്പെട്ടെങ്കിലും പെരുമഴയിൽ ആരുമെത്തിയില്ല. ഒടുവിൽ കൈക്കുഞ്ഞുമായി നിൽക്കുന്ന കുടുംബത്തിന്റെ നിസഹായാവസ്ഥ കണ്ട് വാർഡ് മെമ്പർ കട്ടയ്ക്കോട് തങ്കച്ചൻ ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സുരക്ഷയൊരുക്കിക്കൊടുത്തു.

കൂലിപ്പണിക്കാരായ കുടുംബത്തിന് ആകെയുള്ളത് അഞ്ച് സെന്റും ഷെഡുമായിരുന്നു. രണ്ടുമാസത്തോളമായി ലോക്ക് ഡൗൺ കാരണം പണിയില്ലാതെ കഴിയവേയാണ് ആകെയുള്ള കൂരയും തകർന്നത്. ഉച്ചയോടെ തങ്കച്ചന്റെ വീട്ടിൽ കഴിയുന്ന ഇവരെ സർക്കാർ സ്‌കൂളിലേക്ക് മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കാം എന്ന് താലൂക്ക് അധികൃതർ അറിയിച്ചതായി കട്ടയ്ക്കോട് തങ്കച്ചൻ അറിയിച്ചു.

ക്യാപ്ഷൻ: മണ്ണിടിഞ്ഞ് വീടുതകർന്ന കുടുംബം ഗ്രാമപഞ്ചായത്തംഗം കട്ടയ്ക്കോട് തങ്കച്ചനോടൊപ്പം