തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വ്യവസായത്തെയും വ്യവസായ സംരംഭകരുടെയും പ്രതീക്ഷകൾക്ക് ബഡ്ജറ്റ് മങ്ങലേൽപ്പിച്ചെന്ന് ക്ലാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ് അസോസിയേഷൻ ഒഫ് കേരള ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ പറഞ്ഞു. സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നായ ഈ വ്യവസായത്തെ പിടിച്ചുനിറുത്താൻ ഇപ്രകാരമുള്ള പ്രഖ്യാപനങ്ങളല്ല പ്രതീക്ഷിച്ചിരുന്നത്. സ്ഥാപനങ്ങൾ പൂട്ടിയിടുമ്പോൾ യന്ത്രസാമഗ്രികൾക്ക് ഭീമമായ കേടുപാടുകൾ സംഭവിക്കും. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും വഴിയില്ല. പൂട്ടിയിട്ടിരിക്കുന്ന സമയത്തെ നികുതികളിൽ ഇളവ് നൽകിയിട്ടില്ല. ഇത്തരം ഇളവുകളാണ് ടൂറിസം മേഖല ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. കെ.എഫ്.സിയിൽ നിന്ന് വായ്പ നൽകുന്നത് ആശ്വാസകരമാണ്. പക്ഷെ, ഈ സാഹചര്യത്തിൽ ഒരു പാക്കേജായി സർക്കാർ പലിശ സബ്‌സിഡിയായി നൽകുകയാണ് വേണ്ടതെന്നും അസോസിയേഷൻ പറഞ്ഞു.