തിരുവനന്തപുരം: കൊവിഡ് കാല പ്രതിസന്ധിയിലേക്ക് യാഥാർത്ഥ്യബോധത്തോടെ കടന്നുചെല്ലാനുള്ള ശ്രമമാണ് രണ്ടാം പിണറായി സർക്കാരിൽ ധനമന്ത്രിയായെത്തിയ കെ.എൻ. ബാലഗോപാൽ കന്നി ബഡ്ജറ്റിലൂടെ നടത്തിയിരിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിലൂന്നിയുള്ള വലതുപക്ഷ കാഴ്ചപ്പാടിന് ബദലായി ഇടതുപക്ഷശീലങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നുവെന്ന് സ്ഥാപിക്കാൻ ബാലഗോപാൽ കന്നി ബഡ്ജറ്റ് പ്രസംഗത്തിലൂടെ ശ്രമിക്കുന്നുണ്ട്. അപ്പോഴും അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി പോലൊരു നവലിബറൽ സംവിധാനത്തെ പുൽകുകയുമാണ്.
വികസനസങ്കല്പത്തിലെ മുഖ്യധാരാ സഞ്ചാരമാണ് പ്രായോഗികരാഷ്ട്രീയത്തിന് പഥ്യമെന്ന തിരിച്ചറിവാണ് ഭരണത്തുടർച്ചയുടെ പശ്ചാത്തലത്തിൽ ഇതിലേക്ക് നയിക്കുന്നത്. എന്നാൽ, സുസ്ഥിരവികസനമെന്ന ഇടതുസങ്കല്പത്തെ കൈയൊഴിയുന്നില്ലെന്നും ആരോഗ്യ, സാമൂഹ്യ വികസന ഊന്നലുകൾ വഴി പ്രഖ്യാപിക്കുന്നു. കവിതകളും സാഹിത്യശകലങ്ങളും ഉദ്ധരണികളും കുത്തിനിറച്ച് വലിച്ചുനീട്ടി കാട് കയറിപ്പോകാതെ, പറയാനുള്ളത് കാച്ചിക്കുറുക്കി അവതരിപ്പിച്ചാണ് ബാലഗോപാൽ, തന്റെ മുൻഗാമിയായ ഡോ.തോമസ് ഐസകിൽ നിന്ന് വ്യത്യസ്തനായത്. ക്ഷേമ, വികസന പദ്ധതികളിലൂടെ പ്രതിസന്ധികാലത്ത് ജനത്തെ കൈയിലെടുത്ത ഫോർമുല ബഡ്ജറ്റിലും പ്രകടമാക്കാനുള്ള ശ്രമമുണ്ട്. കമ്മ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിന്റെ അനിഷേധ്യ നായികയായ കെ.ആർ.ഗൗരി അമ്മയ്ക്കൊപ്പം തന്നെ പ്രായോഗിക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ ആർ. ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകനിർമ്മാണത്തിൽ തുല്യപരിഗണന നൽകിയും മാർത്തോമ്മാ സഭയുടെ അദ്ധ്യക്ഷനായിരുന്ന മാർ ക്രിസോസ്റ്റത്തിന്റെ പേരിൽ എം.ജി സർവ്വകലാശാലയിൽ ചെയർ പ്രഖ്യാപിച്ചും സോഷ്യൽ എൻജിനിയറിംഗ് വൈദഗ്ദ്ധ്യം പ്രകടമാക്കി.
കൊവിഡ് കാലം ആവശ്യപ്പെടുന്ന പ്രാമുഖ്യം ആരോഗ്യമേഖലയ്ക്കും സാമൂഹ്യ,സാമ്പത്തികമേഖലയ്ക്കും നൽകുന്നതിൽ കന്നി ബഡ്ജറ്റിൽ ധനമന്ത്രി വിജയിച്ചിട്ടുണ്ട്.
രാഷ്ട്രീയം
ഭരണത്തുടർച്ചയിലേക്കെത്തിച്ച ജനവിധിയെപ്പറ്റി പത്ത് പേജുകളിലായാണ് ധനമന്ത്രി വാചാലനാകുന്നത്. പ്രതിപക്ഷത്തിന് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിച്ചോ മാദ്ധ്യമങ്ങളെ അധികാരമുപയോഗിച്ച് നിശ്ശബ്ദരാക്കിയോ അല്ല ഭരണത്തുടർച്ചയുണ്ടായതെന്ന പരാമർശം ശ്രദ്ധേയം. പ്രതിപക്ഷആരോപണം ജനങ്ങളിലേക്കെത്താത്തതല്ല അവരുടെ പരാജയകാരണമെന്ന് മന്ത്രി വിലയിരുത്തുന്നു. സത്യാനന്തരകാലത്തെ കൺകെട്ട് വിദ്യകൾ അതിജീവിക്കാൻ ജീവിതാനുഭവങ്ങൾക്ക് കഴിയുമെന്ന യാഥാർത്ഥ്യമുൾക്കൊള്ളാൻ, പ്രതിപക്ഷത്തെ ഓർമ്മിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ജനുവരിയിൽ മുൻഗാമി തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിനെ പ്രകീർത്തിച്ച ബാലഗോപാൽ, എല്ലാവരെയും ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഭരണമുറപ്പാക്കാനാണ് ശ്രമമെന്നും വ്യക്തമാക്കി. ജി.എസ്.ടി നഷ്ടപരിഹാരം, ധനകാര്യകമ്മിഷൻ അവാർഡ് എന്നിവയിലെ കേന്ദ്രവിവേചനത്തെയും കേന്ദ്ര വാക്സിൻ നയത്തെയും രൂക്ഷമായി വിമർശിച്ചു. 18വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പിന്മാറുകയാണെങ്കിലും പൗരന്മാരുടെ ആരോഗ്യമെന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാനസർക്കാരിന് പിന്മാറാനാവില്ലെന്ന് പ്രസംഗത്തിൽ വ്യക്തമാക്കി.
ആഴക്കടൽ വിവാദത്തിൽ തൊടാതെ തൊട്ട്
ആഴക്കടൽ മത്സ്യബന്ധനം വിദേശട്രോളറുകൾക്ക് തീറെഴുതിയെന്ന്, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒന്നാം പിണറായിസർക്കാരിനെതിരെ പ്രതിപക്ഷമുയർത്തിയ വിമർശനത്തിന് മറുപടി ബഡ്ജറ്റ്പ്രസംഗത്തിലുൾപ്പെടുത്തിയതും ശ്രദ്ധേയം. "ആഴക്കടൽ മത്സ്യബന്ധനം വിദേശട്രോളറുകൾക്ക് തുറന്ന് കൊടുത്തത് നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാരാണ്. ഇപ്പോഴത്തെ എൻ.ഡി.എ സർക്കാരാകട്ടെ തീരക്കടലിന് മേൽ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണാവകാശങ്ങളും കവരാൻ ശ്രമിക്കുന്നു. ബ്ലൂ ഇക്കോണമി നയരേഖയിൽ തീരക്കടലിലും ആഴക്കടലിലും ഖനനത്തിന് കോർപ്പറേറ്റുകൾക്ക് അനുവാദം നൽകുന്നു. ഇതിനെല്ലാം കടകവിരുദ്ധമാണ് ഇടതുനിലപാട്"- മന്ത്രി വ്യക്തമാക്കി. മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്തെ ആസിയൻ കരാർ കർഷകആത്മഹത്യയിലേക്ക് നയിച്ചെങ്കിൽ എൻ.ഡി.എ സർക്കാരിന്റെ കർഷകവിരുദ്ധനയങ്ങൾ കൃഷിക്കാരുടെ ദുരിതമേറ്റിയെന്നും പ്രസംഗം കുറ്റപ്പെടുത്തി.
തോട്ടവിള പരിഷ്കരണം ഭൂപരിഷ്കരണനയത്തിനെതിരോ
ആസിയാൻ കരാറുണ്ടാക്കിയ ആഘാതം മറികടന്ന് തോട്ടംമേഖലയെ രക്ഷിക്കാൻ തോട്ടവിള വൈവിദ്ധ്യവത്കരണം ബഡ്ജറ്റിലുൾപ്പെടുത്തിയത് ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനതത്വത്തെ അട്ടിമറിക്കലാകുമെന്ന വിമർശനം പ്രതിപക്ഷമുയർത്തിയിരിക്കുകയാണ്. തോട്ടങ്ങളിൽ മാറ്റകൃഷി പ്രോത്സാഹിപ്പിക്കുമ്പോൾ ഭൂപരിഷ്കരണനിയമത്തിൽ കാതലായ മാറ്റമാവശ്യമായി വരും. ഒന്നാം പിണറായിസർക്കാരിൽ ചർച്ചയായ വിഷയമാണ് പുതിയ ബഡ്ജറ്റിൽ ഊന്നലോടെ വരുന്നത്.
20,000കോടി പാക്കേജ്
20,000കോടിയുടെ കൊവിഡ് പാക്കേജിൽ അവ്യക്തതയെന്നാണ് പ്രതിപക്ഷ വിമർശനം. ബഡ്ജറ്റിന്റെ വരവ് ചെലവ് കണക്കിൽ ഈ തുക കമ്മിയിനത്തിൽ കാണിക്കാത്തതിനെയാണവർ ചോദ്യം ചെയ്യുന്നത്. ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കാൻ 8900കോടി നീക്കിവച്ചത് പൊള്ളത്തരമെന്നുമവർ ചൂണ്ടിക്കാട്ടുന്നു. റവന്യുകമ്മി നികത്തുന്നതിലെ ധനസഹായമായെത്തുന്ന 19,420 കോടിയിൽ നിന്ന് പാക്കേജിന് തുക കണ്ടെത്തിയാലും അതൊരു പുതിയ പ്രഖ്യാപനമായെത്തുമ്പോൾ കമ്മിക്കണക്കിൽ ചേർക്കേണ്ടേയെന്ന ചോദ്യത്തിന് ധനമന്ത്രി മറുപടി പറയേണ്ടിവരുമെന്നുറപ്പ്.