പാറശാല: ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം ക്ഷീര കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പോഷകാഹാര ഭക്ഷ്യ കിറ്റ് വിതരണം ശ്രദ്ധേയമാകുന്നു.കൊവിഡിൽ ജീവിതം വഴിമുട്ടിയ കർഷകർക്കും സാധാരണക്കാർക്കുമാണ് നെല്ലിക്ക,ഇഞ്ചി,നാരങ്ങ, കാരറ്റ്,തക്കാളി,ഏത്തപ്പഴം,മുട്ട, പാൽ, പഞ്ചസാര,തേയില, ദോശമാവ്, തേങ്ങ, പച്ചക്കറിയുൾപ്പെടെ 400 രൂപയിലേറെ വിലവരുന്ന സാധനങ്ങളടങ്ങിയ പോഷകാഹാര കിറ്റ് കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തിക്കുന്നത്.രാഷ്ട്രീയഭേദനമന്യേ അർഹർക്ക് കിറ്റ് നൽകുന്നതിനാലും പിരുവുകളില്ലാത്തതിനാലും പദ്ധതിയുമായി സഹകരിക്കാൻ പലരും സ്വമേധയാ മുന്നോട്ട് വന്നു. പാറശാല പഞ്ചായത്തിലെ പരശുവയ്ക്കൽ വില്ലേജിലെ 9 വാർഡുകളിലെ മുന്നൂറോളം പേർക്ക് ഇതുവരെ പോഷകാഹാര ഭക്ഷ്യകിറ്റ് വിതരണം ചെയ്തതായി ക്ഷീരകർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, കോൺഗ്രസ് പരശുവയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് പെരുവിള രവി എന്നിവർ പറഞ്ഞു.