പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് സമീപം ജുവലറി ഉടമയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്ന സംഭവത്തിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. 14ാം പ്രതി കഴക്കൂട്ടം മേൽപാലത്തിന് സമീപം കറിയിൽ മണക്കാട്ടുവിളാകം വീട്ടിൽ സജാദ് ( 25 ), പതിനഞ്ചാം പ്രതി കണിയാപുരം മുസ്ലിം ഹൈസ്‌കൂളിന് സമീപം ഷാഹിൻ മൻസിലിൽ ഷെഫിൻ (20 )എന്നിവരെയാണ് മംഗലപുരം എസ്.എച്ച് ഒ.കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
മോഷണം പോയതിൽ പകുതിയോളം സ്വർണം കേസിൽ ഇതുവരെ അറസ്റ്റിലായ പ്രതികളിൽ നിന്ന് അന്വോഷണ സംഘം കണ്ടെത്തിട്ടുണ്ട്. കൂടാതെ കവർച്ചയ്‌ക്ക് പ്രതികൾ ഉപയോഗിച്ച അഞ്ചുകാറുകളും നാല് ബൈക്കുകളും കണ്ടെത്തി. കോടതിയിൽ റിപ്പോർട്ട് നൽകിയതായി അന്വേഷണ ചുമതലയുള്ള ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി അറിയിച്ചു.