വിഴിഞ്ഞം: ക്രൂ ചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്തെത്തിയ കപ്പലിന്റെ പ്രൊപ്പല്ലറിൽ മത്സ്യബന്ധന വല കുരുങ്ങി. ഇന്നലെ രാവിലെ സിംഗപ്പൂരിൽ നിന്നെത്തിയ ന്യൂ ഫ്രോണ്ടിയർ എന്ന കപ്പലിൽ ക്രൂ ചെയ്ഞ്ചിംഗിനായി തീരത്ത് നങ്കൂരമിടാൻ ശ്രമിക്കുന്നതിനിടെ വല പ്രൊപ്പല്ലറിൽ കുരുങ്ങുകയായിരുന്നു. രണ്ട് വള്ളങ്ങളിലായി മീൻ പിടിക്കാൻ പോയ വിഴിഞ്ഞം സ്വദേശികളായ ഇരുപതംഗസംഘം ഉൾക്കടലിൽ വിരിച്ചിരുന്ന വലയാണ് കുരുക്കായത്. കപ്പൽ കരയിലേക്ക് വരുന്നത് ദൂരെ നിന്നുകണ്ട മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ക്രൂ ചെയ്ഞ്ചിംഗിന് ഉപയോഗിക്കുന്ന മാരിടൈം ബോഡിന്റെ ധ്വനി എന്ന ടഗ്ഗ് ഉപയോഗിച്ച് പ്രൊപ്പല്ലറിൽ കുരുങ്ങിയ വല നീക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടയിൽ ടഗ്ഗിലും വല കുരുങ്ങി. മറ്റ് മാർഗമില്ലാതായതോടെ അധികൃതർ നാട്ടുകാരായ മുങ്ങൽ വിദഗ്ദ്ധരുടെ സഹായം തേടി. ഇവർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വലയുടെ കുരുക്കഴിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുമായുള്ള തർക്കം തീർന്നില്ല. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി വിൽസണിന്റെ ലക്ഷങ്ങൾ വിലയുള്ള വല പൊട്ടിത്തകർന്നതാണ് തർക്കത്തിനിടയാക്കിയത്. ഒടുവിൽ കൗൺസിലർ പനിയടിമയും ഷിപ്പിംഗ് ഏജൻസിയുമായി നടത്തിയ ചർച്ചയിൽ വലയ്ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതോടെയാണ് കപ്പലിന് തീരം വിടാനായത്.