madayi-para

പഴയങ്ങാടി: പരിസ്ഥിതിക്ക് ആഘാതമാകുന്ന വിധത്തിൽ ഏഴോം, മാടായി പഞ്ചായത്തുകളിലെ കുന്നുകൾ ഇടിച്ച് നിരത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. ഇത് മൂലം വൻ പാരിസ്ഥിക പ്രശ്നമാണ് ഉണ്ടാകുന്നത്. മാടായി പഞ്ചായത്തിലെ മാടായിപാറയുടെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ ഇടിച്ച് നിരപ്പാക്കിയിട്ടുണ്ട്.ചൈനക്ലേ ഖനനം മൂലവും വൻ പാരിസ്ഥിക പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഏഴോം പഞ്ചായത്തിലെ തമ്പ്രാൻ കുന്നും ഭൂരിഭാഗവും നിരപ്പാക്കി കഴിഞ്ഞു. മാടായി പ്രദേശത്തിന്റ ജല സംഭരണിയാണ് മാടായിപ്പാറ. മാടായിപ്പാറയിലെ കുന്നിൻ ചെരിവുകൾ മഴക്കാലത്ത് കുടിവെള്ളം സംഭരിച്ചു വെക്കുകയും വേനൽക്കാലത്ത് ഉൾപ്പെടെ സമീപ പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കുന്നതിനും കാരണമാകാറുണ്ട്. ചൈനാക്ലേ ഖനനം കാരണം പാറ വിണ്ടുകീറി അപകടാവസ്ഥയിലാണ്. മാടായിപ്പാറയിലെ കുന്നിൻ ചെരുവ് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ ഇടിച്ചു നിരത്തുന്നതായി പരാതി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഏഴോം പുല്ലാഞ്ഞിക്കടയിലെ തമ്പ്രാൻ കുന്ന് ഇടിച്ചത് മൂലം സമീപത്തുള്ള കൃഷിയിടങ്ങളലേക്ക് ചെളിയും വെള്ളവും ഒലിച്ചിറങ്ങി കൃഷിനാശം സംഭവിക്കുകയാണ്. കാലവർഷം കനത്താൽ ഉരുൾപൊട്ടലിനുള്ള സാദ്ധ്യതയും പരിസരവാസികൾ കാണുന്നു.