shmasanam

മുക്കം: രണ്ടേക്കർ സ്ഥലത്ത് 45 ലക്ഷം രൂപ ചെലവിൽ തിരുവമ്പാടി പഞ്ചായത്ത് നിർമ്മിച്ച വൈദ്യുത ശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് എട്ടു മാസമായിട്ടും പ്രവർത്തിക്കാത്തതിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത താത്പര്യമെന്ന് ആരോപണം. പരിസരത്തെ ചിലർ ഇവിടെ ശ്മശാനം പ്രവർത്തിപ്പിക്കുന്നതിന് തുടക്കം മുതൽ എതിർത്തിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഒക്ടോബറിലാണ് ശ്മശാനം ഉദ്ഘാടനം നടത്തിയത്. എന്നാൽ ഒരു മൃതദേഹം പോലും ഇതുവരെ ഇവിടെ സംസ്‌കരിച്ചിട്ടില്ല. ശ്മശാനത്തിനടുത്ത് തന്നെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതിലും ദുരുദ്ദേശ്യം ആരോപിക്കുന്നുണ്ട്. ഇപ്പോൾ ഫലത്തിൽ രണ്ടിന്റെയും പ്രവർത്തനം നിലച്ചു.ശ്മശാനം പ്രവർത്തനമാരംഭിച്ചതുമില്ല. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം മുടങ്ങുകയും ചെയ്തു. ഇതോടെ വിവിധ പ്രദശങ്ങളിൽ നിന്ന് സംഭരിച്ച മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രമായി ഇവിടം മാറി. രണ്ടു സ്ഥാപനങ്ങളും പ്രവർത്തിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും കക്ഷികളും രംഗത്തുവന്നു. മാലിന്യശേഖരണം നിർത്തിയതിൽ രാഷ്ട്രീയമുണ്ടെന്നാണ് എൽ.ഡി എഫ് ആരോപിക്കുന്നത്.മുൻ ഭരണ സമിതിയുടെ കാലത്ത് വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ 28 അംഗങ്ങളുടെ ഹരിത കർമ്മ സേന പ്രവർത്തിച്ചിരുന്നതാണ്. ഇപ്പോളത്തെ ഭരണ സമിതി അവരെ ഒഴിവാക്കുകയും മാലിന്യശേഖരണം നിറുത്തുകയുമാണ് ചെയ്ത്. രണ്ടു സ്ഥാപനങ്ങളും കുറ്റമറ്റ നിലയിൽ പ്രവർത്തിപ്പിക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.