വിതുര: മലയോരമേഖലയിൽ ആശ്വാസം പകർന്ന് കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നു. രണ്ടാഴ്ച മുൻപുവരെ അരുവിക്കര നിയോജക മണ്ഡലത്തിലെ വിതുര,​ തൊളിക്കോട്,​ ആര്യനാട്,​ പൂവച്ചൽ,​ ഉഴമഴലയ്ക്കൽ,​ കുറ്റച്ചൽ,​ വെള്ളനാട്,​ അരുവിക്കര തുടങ്ങിയ പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം ഉയർന്ന തോതിലായിരുന്നു. കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതും ഈ പഞ്ചായത്തുകളെ ആശങ്കയിലാഴ്തിയിരുന്നു. രണ്ടാം തരംഗത്തിൽ എട്ട് പഞ്ചായത്തുകളിലായി മൂവായിരത്തിൽ അധികം പേർ‌ക്കാണ് കൊവിഡ് ബാധിച്ചത്. തോട്ടം,​ ആദിവാസി മേഖലകളിലും കൊവിഡ് പിടിമുറുക്കിയിരുന്നു. ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും കൊവിഡ് പിടിപെട്ടിരുന്നു. രോഗവ്യാപനം ശക്തി പ്രാപിച്ചതോടെ മിക്ക പഞ്ചായത്തുകളിലും കണ്ടെയ്ൻമെന്റ് സോണുകൾ നിലവിൽ വന്നു. ഇവിടങ്ങളിലായി ഇരുന്നൂറോളം പേരുടെ ജീവൻ കൊവിഡ് കവരുകയും ചെയ്തു. വാമനപുരം നിയോജകമണ്ഡലത്തിലെ പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. അടൂർപ്രകാശ് എം.പി, എം.എൽ.എ മാരായ ജി. സ്റ്റീഫൻ, ഡി.കെ. മുരളി, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ, മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുൻനിരയിലുണ്ടായിരുന്നു. അതേസമയം കൊവിഡ് മരണങ്ങൾക്ക് തടയിടാൻ ഇനിയും സാധിച്ചിട്ടില്ല. മിക്ക പഞ്ചായത്തുകളിലും കൊവിഡ് മരണങ്ങളുടെ തോത് ഉയരുകയാണ്.

 പ്രതിരോധം ശക്തം

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി വാ‌ർഡുതല ജാഗ്രതാ സമിതികൾ രൂപീകരിച്ച് പഞ്ചായത്ത് പ്രസി‌ന്റുമാരുടേയും മെമ്പർമാരുടേയും നേതൃത്വത്തിൽ ശക്തമായപ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. റസിഡന്റ്സ് അസോസിയേഷനുകളും പുരുഷസ്വാശ്രയ സംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും രാഷ്ട്രീയകക്ഷികളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങി. കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി പൊലീസും ഉണർന്ന് പ്രവർത്തിച്ചതോടെ രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴുകയായിരുന്നു. മഴ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിഘ്നമായി എത്തിയെങ്കിലും പ്രതികൂലാവസ്ഥയെ തരണം ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. വിതുര പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായതോടെ കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി കൊവിഡ് കെയർ സെന്റർ ആരംഭിച്ചു. ഭക്ഷണ ലഭ്യത ഉറപ്പാക്കാനായി കമ്മ്യൂണിറ്റി കിച്ചണും പഞ്ചായത്ത് ആരംഭിച്ചു. ആര്യനാട് പഞ്ചായത്തിലാണ് കൂടുതൽ പേർക്ക് കൊവിഡ് പിടികൂടിയത്. ഇവിടെ അഞ്ഞൂറോളം പേർക്ക് രോഗം ബാധിച്ചിരുന്നു. പഞ്ചായത്തുകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മെഡിക്കൽക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.

 നിലവിലെയും മുൻപുണ്ടായിരുന്നതുമായ കൊവിഡ് കണക്ക്

വിതുര-35 (411)

അരുവിക്കര-117 (334)

തൊളിക്കോട്-75 (256)

ആര്യനാട്-105 (441)

വെള്ളനാട്-81 (332)

പൂവച്ചൽ-86 (348)

കുറ്റിച്ചൽ-117 (299)

ഉഴമലയ്ക്കൽ-97 (339)