കോവളം:അച്ഛനറിയാതെ സൈക്കിൾ വാങ്ങാൻ സ്വരൂപ്പിച്ച പണം നമോ കിച്ചണിലേക്ക് സംഭാവന നൽകി പതിനൊന്നുകാരി മാതൃകയായി.വെള്ളാർ നെടുമം വെട്ടുവിളവീട്ടീൽ ടാക്സി ഡ്രൈവർ ചന്ദ്രൻഷീജ ദമ്പതികളുടെ മകളും വെങ്ങാനൂർ വി.പി.എച്ച്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമായ അല.എസ്.ചന്ദ്രനാണ് കുടുക്കയിൽ സൂക്ഷിച്ച ആയിരത്തോളം രൂപ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ബി.ജെ.പിയുടെ നമോ കിച്ചണിലേക്ക് സംഭാവന നൽകിയത്. 2019ൽ പണം കൂട്ടിത്തുടങ്ങിയ അല തന്റെ ജന്മദിനമായ ജൂൺ 28ന് പുതിയ സൈക്കിൾ വാങ്ങാനിരുന്നതാണ്.എന്നാൽ കൊവിഡിൽ തൊഴിൽ നഷ്ടമായ ചന്ദ്രന് മകളുടെ ആഗ്രഹം നിറവേറ്റാനായില്ല. ബി.ജെ.പിയുടെ ബൂത്ത് ഭാരവാഹികൂടിയായ ചന്ദ്രൻ നമോ കിച്ചണിൽ പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കിച്ചണിലേക്ക് ഇറങ്ങിയ ചന്ദ്രനോട് സൈക്കിളിനെക്കാൾ പ്രധാനം നമോ കിച്ചണിലെ ഒരു നേരത്തെ ആഹാരമാണെന്ന് പറഞ്ഞ് കുടുക്ക ഏൽപ്പിക്കുകയായിരുന്നു അല.വൈകാതെ മകളോടൊപ്പം ചന്ദ്രൻ നമോ കിച്ചണിലെത്തി തുക ബി.ജെ.പി സംസ്ഥാന സമിതിയംഗവും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.എസ്.സാജന് കൈമാറി.
caption സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുകയുമായി അല.എസ്.ചന്ദ്രൻ ബി.ജെ.പി വെങ്ങാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നമോ കിച്ചണിൽ എത്തിയപ്പോൾ