തിരുവനന്തപുരം: ആറുവരി ദേശീയപാത യാഥാർത്ഥ്യമാക്കുന്നതിന്റെ മുന്നോടിയായി രണ്ടു റീച്ചിലേക്ക് 5539.88 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. കൊല്ലം ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണം മുതൽ കൊല്ലം ബൈപ്പാസ് വരെയുള്ള ഭാഗത്തിന് 2,704.64 കോടിയും ബൈപ്പാസിൽ നിന്ന് കായംകുളം കൊറ്റംകുളങ്ങര വരെയുള്ള ഭാഗത്തിന് 2,835.24 കോടിയുമാണ് അനുവദിച്ചത്. നിലവിലുള്ള പാലങ്ങൾക്ക് സമാന്തരമായി പുതിയപാലങ്ങൾ നിർമ്മിക്കും.
രണ്ടുവർഷം മുൻപാണ് ആറുവരിപ്പാതയ്ക്കുള്ള നടപടികൾ ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാത ആറ് വരിയാക്കും. പല റീച്ചുകളായി തിരിച്ചാണ് നിർമ്മാണം. കാസർകോട് മുതൽ ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുന്ന 25 ശതമാനം തുകയായ 452 കോടി സംസ്ഥാന സർക്കാരാണ് നൽകുന്നത്.
ഭൂമി ഏറ്റെടുക്കലിന് തടസ്സങ്ങളുണ്ടായ ഘട്ടത്തിൽ ദേശീയപാത അതോറിട്ടി കേരളത്തിൽ ദേശീയപാതകൾ വികസിപ്പിക്കാനാവില്ലെന്ന നിലപാടെടുത്ത് പിൻമാറിയിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉൾപ്പെടെ പ്രധാനമന്ത്രിയുമായും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായും ചർച്ച നടത്തിയതിനുശേഷമാണ് പദ്ധതിക്ക് ജീവൻ വച്ചത്. നിതിൻ ഗഡ്കരി നൽകിയ പിന്തുണയാണ് പാത വികസനത്തിന് അനുഗ്രഹമായത്. തുടർന്നാണ് ദേശീയപാത അതോറിട്ടി അലൈൻമെൻറിന് അന്തിമരൂപം നൽകി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത്. ''കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാതകളുടെ നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തുകയാണെന്ന്"" തുക അനുവദിച്ചുകൊണ്ട് നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.