p

തിരുവനന്തപുരം: മനുഷ്യരാശിക്ക് മുൻപിൽ അതിജീവനം ചോദ്യമായി ഉയർന്നിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവാസവ്യവസ്ഥയുടെ നഷ്ടമാകുന്ന താളം പുനസ്ഥാപിക്കാനാവശ്യമായ നയങ്ങളും പദ്ധതികളും കണ്ടെത്താനാണ് പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത്. നമ്മുടെ ജൈവ സമ്പത്ത് സംരക്ഷിക്കപ്പെടാനുള്ള ഇടപെടൽ ഓരോരുത്തരും തുടങ്ങണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ കുടുംബാംഗങ്ങൾക്കൊപ്പം പ്ലാവിൻ തൈ നടുകയും ചെയ്തു.

പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. അരക്കോടി വൃക്ഷത്തൈകളാണ് വനംവകുപ്പ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് ലക്ഷത്തിലധികം ഔഷധസസ്യ തൈകളും വിതരണം ചെയ്യും.

വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'തണൽവഴി' എന്ന പരിപാടിയുടെ ഭാഗമായി മരത്തൈ നട്ടാണ് മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ അനിലും പരിസ്ഥിതി ദിനത്തിൽ പങ്കാളികളായത്. മന്ത്രി കെ.രാജൻ തൃശൂർ വടക്കുംനാഥ ക്ഷേത്രാങ്കണത്തിൽ ഔഷധസസ്യങ്ങൾ നട്ടു. മന്ത്രി സജി ചെറിയാൻ ആലപ്പുഴയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. നേച്ചർ കൊട്ടാരക്കര പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.