പാലോട്: അകാലത്തിൽ വിട പറഞ്ഞ പ്രിയ അദ്ധ്യാപകന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലോട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജി. ബിനുകുമാർ അനുസ്മരണ ദിനത്തിലാണ് മകളായ ദേവനന്ദ അച്ഛന്റെ ഓർമ്മക്കായി വൃക്ഷത്തൈ നട്ടത്. വിതുര ഗവ. വി. എച്ച്.എസ്.സിലെ ഒൻപതാം ക്ലാസ് വിർദ്യാർത്ഥിനി കൂടിയാണ് ദേവനന്ദ. വിദ്യാർത്ഥികൾക്ക് എന്നും തണലായിരുന്ന പ്രിയ അദ്ധ്യാപകൻ ജി.ബിനുകുമാറിന്റെ ഓർമ്മദിനത്തിൽ അദ്ധ്യാപകരും സുഹൃത്തുക്കളും വിദ്യാർത്ഥികളും ഓർമ്മ മരം നട്ട് ഹൃദയാഞ്ജലി അർപ്പിച്ചു. 2020 ജൂൺ 5നായിരുന്നു ബിനു വീടിനു സമീപത്തെ തോട്ടിൽ വീണു മരിച്ചത്. ബിനുകുമാറിന്റെ ദീപ്ത സ്മരണയിൽ പാലോട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഓർമ്മ മരം നട്ടാണ് സംഘടന ശ്രദ്ധാഞ്ജലി അർപ്പിച്ചത്. കെ.എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. അജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ആർ. ഷിബു, പാലോട് സബ്ജില്ലാ പ്രസിഡന്റ് ബി. സുനിൽകുമാർ, വിതുര ബ്രാഞ്ച് സെക്രട്ടറി ഷിബു ആർ എന്നിവർ പങ്കെടുത്തു.