dea

നെയ്യാറ്റിൻകര: പ്രിയതമനെയും പിഞ്ചോമനകളെയും തീരാവേദനയിലാക്കി അശ്വതിയെ മരണം കൂട്ടിക്കൊണ്ടുപോയി. വെളളിയാഴ്ച വൈകിട്ട് സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് അശ്വതിയെന്ന നഴ്സിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞത്. അവണാകുഴി താന്നിമൂട് ഹരേ രാമ ഹൗസിൽ ജിജോഷ് മിത്രയുടെ ഭാര്യയാണ് അശ്വതി വിജയൻ ( 31 )​. മക്കൾ എട്ടു വയസുകാരി ദിക്ഷയും ആറു വയസുകാരൻ ദയാലും.

സാമ്പത്തിക ബാദ്ധ്യത കാരണമാണ് മൂന്ന് വ‌ർഷം മുമ്പ് അശ്വതി സൗദിയിൽ ജോലിക്ക് പോയത്. ജിജോഷ് താന്നിമൂട്ടിൽ ബേക്കറി കട നടത്തുകയാണ്. കിംസിൽ നിന്ന് ബി.എസ് സി നഴ്സിംഗ് പാസായ അശ്വതി കുറച്ച് കാലം സ്വകാര്യ ആശുപത്രികളിൽ താല്ക്കാലിക ജോലി നോക്കിയിരുന്നു. സർക്കാർ ഏജൻസി വഴിയാണ് സൗദിയിൽ ജോലി കിട്ടിയത്. ആദ്യ അവധിക്ക് നാട്ടിൽ വന്ന് പോയിട്ട് മൂന്നുമാസമേ ആയുളളൂ. പുതിയ വീട് വച്ചതിന്റെ ബാദ്ധ്യതയും നഴ്സിംഗ് പഠനത്തിന്റെ വിദ്യാഭ്യാസ വായ്പയും നിലവിലുണ്ട്.

നെട്ടയം ടാഗോ‌ർ നഗറിൽ അശ്വതി ഭവനിൽ ജലജയുടെ മകളാണ് അശ്വതി. അച്ഛൻ വ‌ർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ച ശേഷം വളരെ ബുദ്ധിമുട്ടിയാണ് അമ്മ അശ്വതിയെ പഠിപ്പിച്ചതും വിവാഹം നടത്തിയതും. അരുൺ സഹോദരനാണ്.

നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ, ബി. ജെ. പി നേതാവ് കുമ്മനം രാജശേഖരൻ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി കേന്ദ്രസഹമന്ത്രി വി. മുരളീധരന് കത്തയച്ചതായി ബന്ധുക്കൾ അറിയിച്ചു.