ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ കൊവിഡ‌് ബാധിതരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണ നിരക്ക് ഉയരുന്നത് ആശങ്കയുളവാക്കുന്നു. ഇന്നലെ രണ്ട് പേരാണ് കൊവി‌ഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആറ്റിങ്ങൽ നഗരപരിധിയിൽ കൊവിഡ് മരണം 48 ആയി. തച്ചൂർകുന്ന് കടയിൽ വീട്ടിൽ കനകമ്മ (75),​ കൊടുമൺ ജയ നിവാസിൽ വിഷ്ണുപ്രിയ (29)​ എന്നിവരാണ് ഇന്നലെ മരിച്ചത്.

കനകമ്മയ്ക്ക് കഴിഞ്ഞ മാസം 16 നാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ വീട്ടിലെ മറ്റ് അംഗങ്ങൾ ഹോം ഐസൊലേഷനിലാണ്.

വിഷ്ണുപ്രിയയ്ക്ക് കഴിഞ്ഞ മാസം 21ന് രോഗം സ്ഥിരീകരിച്ചു. മറ്റ് രോഗങ്ങളുണ്ടായിരുന്നതിനാൽ നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് അന്നുതന്നെ മാറ്റി. എന്നാൽ വിദഗ്ദ്ധ ചികിത്സകൾക്കായി 31ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെതുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേയാണ് മരിച്ചത്.

നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി രണ്ടു മോർച്ചറികളിലും എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റെടുത്ത് ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹങ്ങൾ ബന്ധുക്കളുടെയും വോളന്റിയർമാരുടെയും നേതൃത്വത്തിൽ ആറ്റിങ്ങൽ ശാന്തിതീരം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.