a

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിവരുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണം പദ്ധതിയുടെ ഈ വർഷത്തെ തൈ വിതരണം രാജ്ഭവൻ അങ്കണത്തിൽ ഫലവൃക്ഷതൈ നട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച തായ്‌ലൻഡ് ചാമ്പയാണ് ഗവർണർ നട്ടത്. കൃഷി മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനായി. കൃഷി വകുപ്പ് ഡയറക്ടർ ഡോ.കെ. വാസുകി പങ്കെടുത്തു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷമാണ് ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണവും പരിപാലനവും പദ്ധതി ആരംഭിച്ചത്. മെച്ചപ്പെട്ട ഇനം ഗ്രാഫ്റ്റുകൾ, ബഡ് തൈകൾ, ടിഷ്യുകൾച്ചർ തൈകൾ എന്നിവയാണ് ഇത്തവണയും വിതരണം ചെയ്യുക. തദ്ദേശസ്വയംഭരണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി.സെന്റർ വളപ്പിൽ വൃക്ഷത്തൈ നട്ടു.