വാമനപുരം: കോലിഞ്ചി, ആനക്കുഴിക്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ റബർ പുരയിടത്തിലുള്ള ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്ന് 270 ലിറ്റർ കോട കണ്ടെത്തി. വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസെടുത്ത്, പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. തുടർന്ന് വാമനപുരത്ത് നടത്തിയ റെയ്ഡിൽ വാമനപുരം, വാഴുവേലിക്കോണം പുത്തൻവിള വീട്ടിൽ ബൈജുവിന്റെ വീട്ടിൽ നിന്ന് 50 ലിറ്റർ കോട കണ്ടെത്തി. പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദീൻ, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനീഷ്, സജീവ്കുമാർ, അൻസർ, സജിത്ത്, ലിജി, എക്സൈസ് ഡ്രൈവർ സലിം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.