52 പേർക്കെതിരെ കേസ്
പൊലീസിൽ നാല് പേർക്ക് കൊവിഡ്
ബാലരാമപുരം: ടെസ്റ്റ് പോസിറ്റിവിറ്റി 34 ശതമാനത്തിന് മുകളിലായതിനെ തുടർന്ന് കളക്ടർ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ ബാലരാമപുരം പഞ്ചായത്തിൽ പൊലീസ് കടുത്ത നിയന്ത്റണങ്ങളേർപ്പെടുത്തി. കൊവിഡ് ബാധിതരുടെ എണ്ണം ബാലരാമപുരം പഞ്ചായത്തിൽ 230 കടന്നു. ഇതിനിടെ ബാലരാമപുരം സ്റ്രേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 4 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ അനാവശ്യ യാത്രകൾക്ക് നിരത്തിലിറങ്ങിയ 52 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. 33 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. അനാവശ്യമായി നിരത്തിലേക്ക് ഇറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ ഇന്നലെ മുതൽ പൊലീസ് കർശന വാഹനപരിശോധനയും നിയന്ത്രണങ്ങളിലേക്കും കടന്നു. ഇടറോഡുകളിൽ കൂട്ടം കൂടരുതെന്നും പൊലീസ് അറിയിച്ചു. കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്കും അവശ്യമരുന്ന് ആവശ്യമുള്ളവർക്കും ബാലരാമപുരം പൊലീസിന്റെ സഹായം തേടാം. കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതി വോളന്റിയേഴ്സിനും ബി.ജെ.പി സേവാഭാരതി പ്രവർത്തകരുടെ സായാഹ്ന ഭക്ഷണ പദ്ധതി നമോ കിച്ചൺ വോളന്റിയേഴ്സിനും പൊലീസ് ഇളവ് അനുവദിച്ച് യാത്രാനുമതി നൽകിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്ന് ബാലരാമപുരം സി.ഐ മനോജ് കുമാർ രാഷ്ട്രീയ കക്ഷികളോട് അഭ്യർത്ഥിച്ചു. ഈ മാസം 9 വരെ കർശന നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചു.