പോത്തൻകോട്: പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യൻ ബാദ്ധ്യസ്ഥനാണ് എന്ന അവബോധം ഉൾക്കൊണ്ട് പോത്തൻകോട് പണിമൂല ദേവീക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്ര പറമ്പിൽ ഒരുക്കിയ നക്ഷത്രവനം പേരാലിന്റെ തൈ നട്ട് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളോടനുബന്ധിച്ച് രൂപം നൽകുന്ന നക്ഷത്രവനം പോലുള്ള പദ്ധതികൾ പ്രകൃതിയെ സംരക്ഷിക്കുന്നതിനോടൊപ്പം പഴയകാല പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കാനും വരും തലമുറയ്ക്ക് അറിവ് പകരാനും ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞിരം മുതൽ ഇലിപ്പ വരെ 27 നാളുകൾ സൂചിപ്പിക്കുന്ന വൃക്ഷങ്ങളും രാശി വൃക്ഷങ്ങളും നവഗ്രഹ വൃക്ഷങ്ങളും ഒരുക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആർ. ശിവൻ കുട്ടിനായർ പറഞ്ഞു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഉന്നൈസ, കവിരാജൻ, ബ്ലോക്ക് അംഗങ്ങളായ അനിൽകുമാർ, അനിതകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതടീച്ചർ, പഞ്ചായത്ത് സെക്രട്ടറി സുനിൽ അബ്ബാസ്, വാർഡ് അംഗങ്ങളായ ഷീജ, ദിലീപ്, മുൻ അംഗങ്ങളായ എം. ബാലമുരളി, പണിമൂല ഹരി, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഗോപീ മോഹൻനായർ, വൈസ് പ്രസിഡന്റ് നാരായണൻ നായർ, ട്രഷറർ മണികണ്ഠൻ നായർ, വിക്രമൻ നായർ, ബാലഗോപാൽ, സുധൻ എസ്. നായർ, പണിമൂല ഭാസി, ലതീഷ് തുടങ്ങിയവർ പങ്കെടുത്തു.