തിരുവനന്തപുരം: കൊവിഡ് ഇളവുകൾ പിൻവലിച്ച് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പൊലീസും പരിശോധനകൾ കർശനമാക്കി. തുറന്നിരുന്ന റോഡുകൾ മിക്കവയും ബാരിക്കേഡ് നിരത്തി അടച്ചുപൂട്ടിയതോടെ ജനങ്ങൾ വലഞ്ഞു.നഗരത്തിലേക്ക് കടക്കുന്ന പ്രധാന റോഡുകളാണ് വടംഉപയോഗിച്ചും ബാരിക്കേഡ് നിരത്തിയും കെട്ടിപ്പൂട്ടിയത്.ലോക്ക് ഡൗൺ അവസാനിക്കുന്ന 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെ തുടർന്നായിരുന്നു റോഡ് അടയ്ക്കൽ.വെട്ടുറോഡ്,വിഴിഞ്ഞം ചപ്പാത്ത്,പ്രാവമ്പലം,കുണ്ടമൺകടവ്,മരുതൂർ,വഴയില എന്നീ 6 എൻട്രി – എക്സിറ്റ് പോയിന്റുകളാണ് ഉണ്ടായിരുന്നത്.ലോക്ക് ഡൗൺ സമയത്ത് ഗതാഗതം അനുവദിച്ച മറ്റു റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ഇക്കാര്യം അറിയാതെ വാഹനങ്ങളുമായെത്തിയവർ റോഡിൽ കുരുങ്ങി. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ മാത്രമായിരുന്നു റോഡുകൾ അടച്ചു പൂട്ടി എൻട്രി – എക്സിറ്റ് പോയിന്റുകൾ അനുവദിച്ചിരുന്നത്.സമാന രീതി വീണ്ടും ആവർത്തിച്ചതോടെ അത്യാവശ്യക്കാരെയും രേഖകളുമായെത്തിയ രോഗികൾ ഉൾപ്പെടെയുള്ളവരെയും പൊലീസ് തടഞ്ഞു തിരിച്ച് അയച്ചതായി ആക്ഷേപമുണ്ട്.ഓരോ പ്രദേശത്തെയും രോഗവ്യാപന തോത് അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനും ജില്ലാ ഭരണകൂടത്തിന് അനുവാദമുണ്ടെങ്കിലും സർക്കാർ ഉത്തരവിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുതിയ നിർദ്ദേശങ്ങൾ ഒന്നും പുറത്തിറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള കർശന പരിശോധനയും നിയന്ത്രണങ്ങളും. തിരുവനന്തപുരം സിറ്റിയിൽ 651കേസ് രജിസ്റ്റർ ചെയ്‌തു.79 പേർ അറസ്റ്റിലാവുകയും 309 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റൂറലിൽ 305 കേസുകൾ രജിസ്റ്റർ ചെയ്‌തപ്പോൾ 150പേർ അറസ്റ്റിലായി. 491 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.