തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പൊതുസ്ഥലത്ത് നിൽക്കുന്ന വൃക്ഷങ്ങളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമഗ്ര പരിസ്ഥിതി സംരക്ഷണ പരിപാടിയായ ഗ്രീൻ വൈബിന്റെ ഭാഗമായാണ് വൃക്ഷങ്ങളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുക. പൊതുസ്ഥലത്തുനിൽക്കുന്ന എല്ലാ വൃക്ഷങ്ങളുടെയും മലയാളം, ഇംഗ്ലീഷ് പേരുകൾ, ശാസ്ത്രീയ നാമം, പ്രായം, ജിയോ ലൊക്കേഷൻ, ചിത്രം, ചരിത്രപരമായോ സാമൂഹിക പരമായോ, വൃക്ഷത്തിനുള്ള പ്രത്യേകതകൾ എന്നിവ ഡാറ്റാ ബാങ്കിൽ ശേഖരിക്കും. ഈ വിവരങ്ങൾ എം.എൽ.എ യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യും. വട്ടിയൂർക്കാവ് മണ്ഡലത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ യുവജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി വി.കെ. പ്രശാന്ത് എം.എൽ.എ യുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്).