photo

പാലോട്: കൊവിഡ് രണ്ടാംതരങ്കം വന്നതോടെ വീണ്ടും കൂപ്പുകുത്തുകയാണ് പൗൾട്രിഫാം മേഖലകൾ. വ്യാവസായിക അടിസ്ഥാനത്തിൽ കോഴിഫാമും മുട്ട ഫാമും നടത്തുന്നവർ നിരാശയിലാണ്. സർക്കാർ മേഖലയിൽ പൗൾട്രി ഫാം നടത്തുന്നവരും സ്വകാര്യ മേഖലയിൽ പൗൾട്രി ഫാം നടത്തുന്നവരുമാണ് ഇപ്പോൾ ഈ രംഗത്തുള്ളത്. കെ.എസ്.പി. ഡി.സി നിയന്ത്രണത്തിലുള്ള ഫാമുകളിൽ 6000ത്തോളം കോഴിക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. 50 ദിവസത്തിനുള്ളിൽ തന്നെ ഈ കുഞ്ഞുങ്ങളെ സർക്കാർ ഏജൻസികൾ തന്നെ തിരികെ എടുക്കുകയും ചെയ്യും. തീറ്റയും മരുന്നും സർക്കാർ തന്നെ ലഭ്യമാക്കുന്നുണ്ട്. ഒരു പ്രാവശ്യം 20000 രൂപയോളം ഫാമിന് സർക്കാർ നൽകുന്നുമുണ്ട്. എന്നാൽ സ്വകാര്യ മേഖലകളിൽ ആണ് കൂടുതൽ പ്രശ്നങ്ങൾ ഉള്ളത്. ഹാച്ചറികളിൽ മുട്ട വിരിയുമ്പോൾ തന്നെ ഫാമുടമകൾ 40 രൂപ നിരക്കിൽ ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങുന്നു. അത് അൻപത് ദിവസം എത്തുമ്പോൾ കിലോക്ക് 88 രൂപ മുതൽ 105 വരെ വിലക്ക് പുറത്ത് വിൽക്കും. ആയിരം കുഞ്ഞുങ്ങളെ വളർത്തുന്ന കർഷകന് ദിവസം രണ്ട് ചാക്ക് തീറ്റയോളം ആവശ്യമായി വരുന്നുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് കോഴി വില 120 രൂപ വരെയായി എങ്കിലും 100 രൂപയായി വില ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ കൊവിഡ് കാലം മത്സൃലഭ്യത കുറയുകയും വില വർദ്ധിക്കുകയും ചെയ്തെങ്കിലും കോഴിയിറച്ചി വിലയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല. കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി വരവ് വളരെ കുറഞ്ഞിട്ടുമുണ്ട്.

കോഴിയിറച്ചിക്ക് വില............ 100

മുട്ടയ്ക്ക് വില (കർഷകന് കിട്ടുന്നത്.)​ ......5

വിപണിയിൽ......................6

പ്രതിസന്ധിയിൽ മുട്ട വ്യവസായം

ഇറച്ചിക്കോഴി വളർത്തലിൽ വലിയ കോട്ടം സംഭവിച്ചിട്ടില്ലെങ്കിലും മുട്ടമേഖലയെ കൊവിഡ് കാലം സാരമായി ബാധിച്ചു.

കൊവിഡ് കാലം മുട്ടക്ക് അഞ്ചു രൂപ വരെയാണ് കർഷകന് കിട്ടുന്നത്. 2020 ൽ കോഴിമുട്ട വില 6 രൂപ ആയിരുന്നു. കുറുന്താളിയിലെ മുട്ട ഫാമിൽ രണ്ട് വർഷത്തോളമായി ഫാം നടത്തുന്ന ബൈജു പറയുന്നത്. തീറ്റ ലഭ്യത കൊവിഡ് കാലത്ത് കുറഞ്ഞതിനാൽ വൻ പ്രതിസന്ധിയാണ് ഉള്ളത്. മുട്ട കോഴികൾ വിൽക്കുന്നത് കിലോക്ക് 105 രൂപ നിരക്കിലാണ്. തീറ്റ ക്ഷാമം ഒഴിച്ചാൽ ലാഭകരമാണ്. കൊവിഡിനെ തുടർന്ന് തീറ്റക്ക് ഇരുനൂറ്റി അൻപത് രൂപയുടെ വർദ്ധനവാണ് ഒരാഴ്ചക്കുള്ളിൽ ഉണ്ടായത്. എന്നാൽ മുട്ടക്ക് വില കൂടിയിട്ടും ഇല്ല. ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും കർഷകർ പറയുന്നു.

ഇറച്ചി കോഴി തീറ്റയ്ക്ക് 1150 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 1750 രൂപയായി വിലവർദ്ധിച്ചു എങ്കിലും ഇറച്ചി വില കുറയുകയാണ് ഉണ്ടായത്. വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സ്വകാര്യ മേഖലയിലേതുപോലെ സർക്കാർ മേഖലയിൽ പൗൾട്രീഫാം നടത്തുന്നവരെ ബാധിച്ചിട്ടില്ല.

ഫാം ഉടമയായ മഞ്ചു മധുസൂദനൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ