കല്ലമ്പലം:യാത്രയയപ്പിന് ഉപഹാരമായി സഹപ്രവർത്തകരായ പൊലീസുകാർ നൽകിയ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പൊലീസുകാരൻ മാതൃകയായി.34 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ ആർ.എസ്.അനിലാണ് പൊലീസുകാർക്കിടയിലെ നന്മയുടെ നേർക്കാഴ്ചയായായത്. സ്റ്റുഡന്റ് പൊലീസ് പരിശീലന രംഗത്ത് ഏറെക്കാലമായി പ്രവർത്തിക്കുന്ന അനിൽ ആറ്റിങ്ങൽ ബോയിസ് സ്കൂളിലും നാവായിക്കുളം എച്ച്.എസ്.എസിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതോടൊപ്പം കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.വിഷുക്കൈനീട്ടം എന്ന പേരിൽ കുട്ടികളെക്കൊണ്ട് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ അഡ്വ.വി.ജോയി എം.എൽ.എയ്ക്ക് മോതിരം കൈമാറിയ ചടങ്ങിൽ ഐ.എസ്.എച്ച്.ഒ മനുരാജ്,എസ്.ഐ.രഞ്ജു എന്നിവർ പങ്കെടുത്തു.