മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ കൂന്തള്ളൂരിൽ പുതിയ വില്ലേജ് ഓഫീസ് അനുവദിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ചിറയിൻകീഴ് താലൂക്ക് പരിധിയിൽ വരുന്ന കിഴുവിലം, കൂന്തള്ളൂർ എന്നീ രണ്ടു വില്ലേജുകൾക്കായി ഒരു ചെറിയ കെട്ടിടത്തിൽ ഒരു വില്ലേജ് ഓഫീസാണ് പ്രവർത്തിക്കുന്നത്.
അസൗകര്യങ്ങൾക്ക് നടുവിലുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. വസ്തുവിന്റെ പോക്ക് വരവ്, കരമടയ്ക്കൽ, റീസർവേ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ക്ഷേമ പെൻഷൻ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി ഇരുപത്തഞ്ചോളം സർട്ടിഫിക്കറ്റുകൾ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യണം. പ്രകൃതി ക്ഷോഭം, തീപിടുത്തം, ദുരിതാശ്വാസ ക്യാമ്പ്, പൊതു തിരഞ്ഞെടുപ്പുകൾ എന്നിവയിൽ വില്ലേജ് ഓഫീസിനും സജീവമായ പങ്കുള്ളതിനാൽ ദിവസേന കുറഞ്ഞത് 150ൽ പരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യേണ്ടതുണ്ട്. ഇതിനാലാണ് കൂന്തള്ളൂർ വില്ലേജിലുള്ള പാലകുന്നിൽ പുതിയ മന്ദിരം നിർമ്മിച്ച് പ്രത്യേക ഓഫീസിന് പ്രവർത്തനാനുമതി നൽകണമെന്ന് നാട്ടുകാർ വർഷങ്ങളായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത്.
സർക്കാർ ഭൂമിയായ 60 സെന്റ് സ്ഥലം കൂന്തള്ളൂർ വില്ലേജിൽ പാലകുന്ന് ജംഗ്‌ഷനിൽ ദേശീയ ഗ്രന്ഥശാലയോട് ചേർന്ന് നിലവിലുണ്ടായിട്ടും വില്ലേജ് ഓഫീസ് നിർമ്മിക്കാൻ ഈ വസ്തു ഉപയോഗിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. ഈ ആവശ്യമുന്നയിച്ച് 2008ൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി സംസ്ഥാന സർക്കാരിന് നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ജോലി ഭാരത്താൽ ഉദ്യോഗസ്ഥരും
ഉപഭോക്താക്കളുടെ ആവശ്യം സമയത്ത് തീർക്കുന്നില്ലെന്ന് പരാതി
കിഴുവിലത്തെ വില്ലേജ് ഓഫീസ്
വിസ്തൃതമായ ഒരു ഗ്രാമ പഞ്ചായത്തായ കിഴുവിലത്തെ പതിനേഴായിരത്തോളം വീടുകളും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പരിധിയിലുള്ള അവനവഞ്ചേരി, ചിറ്റാറ്റിൻകര, മാമം തുടങ്ങിയ പ്രദേശങ്ങളിലെ ഇരുന്നൂറോളം വീടുകളും ഈ വില്ലേജ് ഓഫീസിന്റെ പരിധിയിൽപ്പെടുന്നു.
ഗ്രൂപ്പ് വില്ലേജ് ഓഫീസ് ; ബുദ്ധിമുട്ടേറെ
ഗ്രൂപ്പ് വില്ലേജ് ഓഫീസ് എന്ന ഗണത്തിൽപ്പെടുത്തി രണ്ടു വില്ലേജ് ഓഫീസുകളുടെയും ജോലി ഒരു വില്ലേജ് ഓഫീസിലെ ജീവനക്കാർ ചെയ്യുന്നത് അവരുടെ ജോലി ഭാരം വർദ്ധിപ്പിക്കുന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന കിഴുവിലം - കൂന്തള്ളൂർ വില്ലേജ് ഓഫീസിലെത്താൻ ദൂരദേശങ്ങളിൽ നിന്നുള്ളവർ ബുദ്ധിമുട്ടുകയാണ്.