തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഇന്നു മുതൽ സംപ്രേഷണം ചെയ്യും. വെള്ളി വരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ അതേക്രമതത്തിൽ അടുത്തയാഴ്ച പുനഃസംപ്രേഷണം ചെയ്യും. പ്ലസ്ടു വിദ്യാർത്ഥികൾക്ക് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് അഞ്ച് മുതൽ ആറു വരെയുമാണ് ക്ലാസുകൾ. വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകൾ നൽകുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലസുകളേ ഉണ്ടാകൂ.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് KITE VICTERS എന്ന് നൽകി ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിൽ ഫസ്റ്റ്ബെൽ ക്ലാസുകൾ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്സിന്റെയും ഫസ്റ്റ്ബെൽ ക്ലാസുകളുടെയും പേരുപയോഗിച്ച് വ്യാജ മൊബൈൽ ആപ്പുകളും യൂട്യൂബ് ചാനലുകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇതിനെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in ൽ തുടർച്ചയായി ലഭ്യമാക്കും.
ടെക്നിക്കൽ ഹൈസ്കൂൾപ്രവേശന പരീക്ഷ
തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിക്കുന്നപക്ഷം, 8ാംക്ലാസ് പ്രവേശനത്തിന് വളരെ കൂടുതൽ അപേക്ഷകൾ ലഭിച്ച 14 ടെക്നിക്കൽ ഹൈസ്കൂളുകളിൽ 22ന് പ്രവേശനപരീക്ഷ നടത്തും. പ്രവേശന പരീക്ഷാമാർക്കിന്റെ അടിസ്ഥാനത്തിൽ അന്നു തന്നെ റാങ്ക്ലിസ്റ്റ് www.polyadmission.org/ths ൽ പ്രസിദ്ധീകരിക്കും. അടുത്ത ദിവസം ഉച്ചയ്ക്ക് 1 മണിവരെ ആക്ഷേപങ്ങൾ ഓൺലൈനായി സ്വീകരിച്ച് അന്തിമ റാങ്ക്ലിസ്റ്റ് വൈകിട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സെൻട്രൽ യൂണിവേഴ്സിറ്രിയിൽ ഒഴിവ്
തിരുവനന്തപുരം: കാസർകോട്ടെ സെൻട്രൽ യൂണിവേഴ്സിറ്രി ഒഫ് കേരളയിൽ ഫിനാൻസ് ഓഫീസർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് നേരിട്ടും ഡെപ്യൂട്ടേഷൻ മുഖേനയും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 5. ഓൺലൈനായി അപേക്ഷിച്ചവർ ജൂലായ് 15ന് മുമ്പ് അപേക്ഷയുടെയും അറ്റസ്റ്ര് ചെയ്ത സർട്ടിഫിക്കറ്രുകളുടെയും കോപ്പി സർവകലാശാലയിൽ എത്തിക്കണം. വിശദ വിവരങ്ങൾക്ക് www.cukerala.ac.in
നിധി ഇ.ഐ.ആർ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം
തിരുവനന്തപുരം: നാഷണൽ ഇനിഷ്യേറ്റീവ് ഫോർ ഡെവലപ്പിംഗ് ആൻഡ് ഹാർനെസിംഗ് ഇന്നവേഷൻസ് ഓൺട്രപ്രണർ ഇൻ റസിഡൻസ് (നിധി ഇ.ഐ.ആർ) ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) അപേക്ഷ ക്ഷണിച്ചു. സംരംഭകരാകാൻ ആഗ്രഹിക്കുന്ന എസ്.സി, എസ്.ടി വിഭാഗത്തിലുള്ള യുവജനങ്ങൾക്ക് 12നകം അപേക്ഷിക്കാം. മെഡ്ടെക്, ഹാർഡ് വെയർ, റോബോട്ടിക്സ്, ക്ലീൻടെക് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവസംരംഭകർക്ക് പ്രതിമാസം 30000 രൂപ വരെ ഒരു വർഷം സ്റ്റൈപെൻഡും മാർഗനിർദ്ദേശങ്ങളും ലാബ്സൗകര്യവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെ.എസ്.യു.എം ഇൻകുബേറ്ററുകളിൽ അവസരവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക 28ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് //startupmission.kerala.gov.in/programs/nidhieir/.