അഞ്ചുതെങ്ങ്: ഇരുമ്പ് തൂണുകളും പ്ലാസ്റ്റിക് ചാക്കുകളും ഫ്ലക്സ് ബോർഡുകളും തകര മേൽക്കൂരയുമാണ് മനോഹരന് വീടെന്ന് പറഞ്ഞാൽ. മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന ചതുപ്പിലാണ് കൂര സ്ഥിതിചെയ്യുന്നത്. കടയ്ക്കാവൂർ ഏഴാം വാർഡിൽ ആയിക്കുടി കൊച്ചു പാലത്തിന് സമീപമുള്ള ഈ വീട്ടിൽ ജന്മനാ ഒരു കൈയില്ലാത്ത പട്ടികജാതി വിഭാഗത്തിൽപെട്ട മനോഹരനും, രണ്ട് പെൺമക്കളും, ഒരു മകനും, മൂന്നുവയസുള്ള ചെറുമകനും അടങ്ങുന്ന കുടുംബമാണ് കഴിയുന്നത്.
ചെളിവെള്ളത്തിന് കുറുകെ തടിപ്പലകകളടക്കിയാണ് ഇവർ വീടിന് പുറത്തിറങ്ങുന്നത്. ചണച്ചാക്കുകൾ നിരത്തിയാലും വീടിനുചുറ്റും വെള്ളം കെട്ടിനിന്ന് ദുർഗന്ധം വമിക്കും. മനോഹരന്റെ ഭാര്യയുടെ മൃതദേഹം സംസ്കരിച്ച സ്ഥലവും വെള്ളമെടുത്തു. 2008ൽ പഞ്ചായത്തനുവദിച്ച 40,000 രൂപയും ബാക്കി കടം വാങ്ങിയുമാണ് വീടിനായി അടിസ്ഥാനമിട്ടത്. ഇതുവരെയും പഞ്ചായത്തിൽ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും മനോഹരൻ പറയുന്നു.
ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം കഴിയുന്നത്. ലോക്ക്ഡൗണിൽ ലോട്ടറി കച്ചവടവും ഇല്ലാതായതോടെ മനോഹരനും കുടുംബവും കടുത്ത ദുരിതത്തിലാണ്. തിരഞ്ഞെടുപ്പ് കാലത്ത് വീട് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പ് പറയുന്ന ജനപ്രതിനിധികൾ പിന്നീടിവരെ തിരിഞ്ഞു നോക്കാറില്ല.