നെയ്യാറ്റിൻകര: ദക്ഷയുടെയും ദയാലിന്റെയും കൊഞ്ചലുകളും പരാതികളും പരിഭവങ്ങളും കേൾക്കാൻ അമ്മ ഇനി വീഡിയോ കോളിൽ വരില്ല. കഴിഞ്ഞദിവസം സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അശ്വതി വിജയന്റെ (31) മക്കളായ ദക്ഷ(8)യും ദയാലും (6) എന്നും അമ്മയോട് സംസാരിക്കാൻ മത്സരമായിരുന്നു. അമ്മ മരിച്ച സത്യം തിരിച്ചറിയാതെ ബന്ധുക്കളുടെയും ഉറ്റവരുടെയും ഇടയിൽ കളിചിരികളുമായി നടക്കുന്ന പിഞ്ചോമനകൾ നൊമ്പര കാഴ്ചയാവുകയാണ്.
മരണമറിഞ്ഞത് മുതൽ ബന്ധുക്കളടക്കം വീട്ടിൽ വന്നുപോകുന്നതും ഇടയ്ക്കിടെ അച്ഛനും മുത്തശ്ശിയുമൊക്കെ വിങ്ങിപ്പൊട്ടുന്നതുമെല്ലാം അവർ കൗതുകത്തോടെയാണ് നോക്കുന്നത്. അപകട ദിവസം വൈകിട്ട് 6.30നാണ് അശ്വതി അവസാനമായി ഭർത്താവ് ജിജോഷുമായി ഫോണിൽ സംസാരിച്ചത്. ഷോപ്പിംഗിന് പോവുകയാണെന്നും തിരിച്ചെത്തിയിട്ട് വിളിക്കാമെന്നും പറഞ്ഞിരുന്നു... പക്ഷെ വീട്ടുകാരെ കാത്തിരുന്നത് മരണവാർത്തയായിരുന്നു.
വീട്ടിലെ ആൾക്കൂട്ടം കണ്ട് ഇടയ്ക്കിടെ അച്ഛനോട് കുഞ്ഞ് ദയാൽ കാര്യമന്വേഷിക്കുന്നുണ്ടെങ്കിലും എന്ത് പറയുമെന്ന് അറിയാത്ത മാനസികാവസ്ഥയിലാണ് ജിജോഷ്. ദിവസേന കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും അശ്വതി വീഡിയോ കാളിലൂടെ കുട്ടികളുമായി സംസാരിക്കുമായിരുന്നു.
വിദേശകാര്യ മന്ത്രി വി. മുരളിധരന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് മൃതദേഹം നജ്രാനിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്ന് അശ്വതി ജോലി ചെയ്തിരുന്ന കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളുണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.