bevco

തിരുവനന്തപുരം: ലോക്ക് ഡൗൺ പൂട്ടിൽ വരുമാനം കാലിയായ ബിവറേജസ് കോർപറേഷൻ ഒരു മാസം കൊടുക്കുന്ന വാടക മൂന്ന് കോടി രൂപ. ബെവ്കോയുടെ വരുമാനം നിലച്ചിട്ട് 40 ദിവസമായി. കൊവിഡ് പ്രതിസന്ധി നീണ്ടാൽ സർക്കാരിന് വലിയ വരുമാനം നൽകുന്ന ബെവ്കോയുടെ പോക്കറ്റും കാലിയാകും.

എങ്കിലും ജീവനക്കാരുടെ ശമ്പളം മുടക്കിയിട്ടില്ല. ലോക്ഡൗൺ ഒമ്പതിന് അവസാനിച്ചാലും ഷോപ്പുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ബെവ്ക്യൂ ആപ്പ് ഇല്ലാത്ത സാഹചരിയത്തിൽ നിയന്ത്രണങ്ങളോടെ ഷോപ്പുകൾ തുറന്നേക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. ആഴ്‌ചയിൽ നിശ്ചിത ദിവസങ്ങളിൽ ഷോപ്പുകൾ പ്രവർത്തിപ്പിക്കണമെന്ന അഭിപ്രായം ജീവനക്കാരുടെ സംഘടനകൾക്കുണ്ട്. ഇതിനായി വാങ്ങാനെത്തുന്നവരുടെ പ്രായപരിധിയുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾ ക്രമീകരിക്കണം. ഈ നിർദ്ദേശം അവർ സർക്കാരിന് സമർപ്പിച്ചേക്കും. 2020-21 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെ 11,709 കോടിയാണ് ബെവ്കോയുടെ വരുമാനം.

 അനധികൃത മദ്യം വ്യാപകം

മദ്യശാലകൾ അടഞ്ഞതോടെ സംസ്ഥാനത്ത് അനധികൃത മദ്യനിർമ്മാണവും വിതരണവും വ്യാപകമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ ജില്ലകളിൽ വൻതോതിൽ വ്യാജമദ്യവും വാറ്റുചാരായവും എക്സൈസ് പിടികൂടിയിട്ടുണ്ട്.

വാടകക്കണക്ക് ഇങ്ങനെ (ഒരു മാസത്തേക്ക്)

 വെയർഹൗസിംഗ് കോർപറേഷന്റെ 23 ഗോഡൗണുകൾക്ക് - 1 കോടി 25 ലക്ഷം

 270 ചില്ലറ വില്പന ശാലകൾക്ക്- 1 കോടി 75 ലക്ഷം

 ഷോപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക്: 40,000 - 1.25 ലക്ഷം

 കോഴിക്കോട്ട് വിപുലമായ ഷോപ്പിന്- 1.75 ലക്ഷം

മുൻ വർഷങ്ങളിലെ വരുമാനം (കോടി കണക്കിൽ)

 2016-17......12,134

 2017-18......12,937

 2018-19......14,504

 2019-20......12,398

(സാമ്പത്തിക വർഷത്തിന്റെ അവസാനം 52 ദിവസം ഷോപ്പുകൾ പ്രവർത്തിച്ചില്ല)

'ലോക് ഡൗൺ കഴിഞ്ഞ് ഷോപ്പുകൾ തുറക്കാൻ അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷ. കോർപറേഷന്റെ കൈവശമുണ്ടായിരുന്ന ഫണ്ടാണ് ഇപ്പോൾ വാടകയ്‌ക്കും ശമ്പളത്തിനും ഉപയോഗിക്കുന്നത്. അത് കഴിഞ്ഞാൽ പ്രതിസന്ധിയാവും".

- യോഗേഷ് ഗുപ്ത, എം.ഡി, ബിവറേജസ് കോർപറേഷൻ