നെയ്യാറ്റിൻകര: വ്യാജ മദ്യം കടത്തിയ കേസിൽ കൊലപാതകക്കേസിലെ രണ്ടുപ്രതികൾ ഉൾപ്പെടെ നാലുപേരെ നെയ്യാറ്റിൻകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും പിടിച്ചെടുത്തു. നരുവാമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളും ആർ.എസ്.എസ് പ്രവർത്തകരുമായ നരുവാമൂട് ചെമ്മണ്ണിൽകുഴി പഞ്ചമിയിൽ സജു (48), പാപ്പനംകോട് എസ്റ്റേറ്റ് ഗംഗാ നഗറിൽ ഹരിദാസ് (47) എന്നിവരും നരുവാമൂട് ശ്രീധര നിലയത്തിൽ വിഷ്ണു എസ്. രാജ് (29), നേമം സ്കൂളിന് സമീപം അമ്പലത്തുംവിള വീട്ടിൽ രജിം റഹിം (29) എന്നിവരെയുമാണ് എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം പ്രാവച്ചമ്പലത്ത് നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. ഇവരിൽ നിന്ന് വ്യാജ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 25000 രൂപയും നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തു. പ്രതികൾ നേതൃത്വം നൽകുന്ന വ്യാജമദ്യ മാഫിയാ സംഘമാണ് ജില്ലയിൽ വ്യാജമദ്യ വിതരണവും കച്ചവടവും നിയന്ത്രിച്ചിരുന്നത്. ഒരു കുപ്പി വ്യാജ മദ്യത്തിന് 2500 എന്ന നിരക്കിലാണ് സംഘം കച്ചവടം നടത്തിയിരുന്നതെന്നും ഈ ലോക്ക്ഡൗൺ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യ കച്ചവടം നടത്തിയതായയും പ്രതികൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ,​ പ്രിവന്റീവ് ഓഫീസർ ഷാജു,​ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സതീഷ്‌കുമാർ, വിനോദ്, പ്രശാന്ത്ലാൽ, നന്ദകുമാർ, അരുൺ, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്