pinarayi

തിരുവനന്തപുരം: ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരിലുള്ള വിഭജന നിലപാട് പരിഷ്‌കൃതസമൂഹത്തിന് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹിയിലെ ജി.ബി. പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കിയ സംഭവത്തെ പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്. ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തിൽ ഉന്നതമായ സ്ഥാനത്തുള്ള ഭാഷ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സർക്കാർ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങൾക്കുമേലുള്ള കടന്നു കയറ്റമാണ്. ജി.ബി. പന്തുൾപ്പെടെ ഡൽഹിയിലെ ആശുപത്രികളിൽ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്‌സുമാർ. അവർക്കെല്ലാവർക്കും ഊഷ്മളമായ അഭിവാദ്യമർപ്പിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.