vld-1

വെള്ളറട: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വീട്ടമ്മയുടെ മത്സ്യക്കൃഷി നശിച്ചു. അയ്യായിരത്തോളം മത്സ്യങ്ങൾ ചത്തു പൊങ്ങി. അരുവിയോട് രാമഗിരിയിൽ അനുജാ ഗൗരി എന്ന വീട്ടമ്മയുടെ മത്സ്യകൃഷി യൂണിറ്റിലാണ് ഇടിമിന്നലേറ്റ് നാശമുണ്ടായത്. ആധുനിക സൗകര്യങ്ങളോടെ നാലു സെന്റ് വസ്തുവിൽ തയാറാക്കിയ കുളത്തിലാണ് തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ വളർത്തിയിരുന്നത്.

ഇടിമിന്നലിൽ ഇൻവെട്ടർ സിസ്റ്റം തകരാറിലാവുകയും തന്മൂലം കുളത്തിലേക്ക് വെള്ളം പമ്പു ചെയ്ത് റീ സൈക്കിൾ ചെയ്യുന്ന പമ്പ് യൂണിറ്റ് പ്രവർത്തിക്കാതെയുണ്ടായ ഓക്സിജന്റെ ആഭാവത്തിലാണ് മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. മൂന്നു ലക്ഷത്തോളം നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. മത്സ്യഫെഡ് വഴി മത്സ്യകൃഷിക്ക് ഇൻഷ്വറൻസ് ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിൽ മത്സ്യക്കൃഷി ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാവുമായിരുന്നു എന്ന് കൃഷിക്കാർ പറയുന്നു.

ക്യാപ്ഷൻ: അരുവിയോട് രാമഗിരിയിൽ അനുജാ ഗൗരിയുടെ കുളത്തിൽ ചത്തുപൊങ്ങിയ മത്സ്യങ്ങൾ