തിരുവനന്തപുരം: ആവശ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ പോയ ഡെലിവറി ബോയിയുടെ വാഹനം വഞ്ചിയൂർ പൊലീസ് പിടിച്ചെടുത്തെന്ന് പരാതി. യാത്ര അനുവദിക്കില്ലെന്നു പറഞ്ഞ് ഡെലിവറി ബോയിയെ തടഞ്ഞ പൊലീസുകാരൻ വാഹനം സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും വാഹനത്തിന്റെ രേഖകകൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വാഹനത്തിന്റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞിരുന്നതിനാൽ വാഹനം വിട്ടുനൽകാനാകില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. ലോക്ക്ഡൗണായതിനാൽ ഇൻഷ്വറൻസ് പുതുക്കാൻ ഇളവ് ഉണ്ടെന്ന് അറിയിച്ചിട്ടും വാഹനം വിട്ടുനൽകിയില്ല. ഇന്നലെ വൈകിട്ട് 5.30ന് പാറ്റൂർ - വഞ്ചിയൂർ റോഡിലായിരുന്നു സംഭവം. പാറ്റൂരിലെ മാർജിൻ ഫ്രീ മാർക്കറ്റിൽ നിന്ന് പാലും ഇറച്ചിയും ഉൾപ്പെടെയുള്ള സാധനങ്ങളുമായി പോയ ഡെലിവറി സ്‌കൂട്ടറാണ് പരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ വാഹനം വിട്ടുനൽകി.