തിരുവനന്തപുരം: വനാതിർത്തികളിലെ പരിസ്ഥിതിലോല മേഖല (ബഫർ സോൺ) നിർണയിക്കുന്നത് വാർഡ് അടിസ്ഥാനത്തിലാക്കാൻ നടപടി തുടങ്ങി. കൊവിഡ് കാലത്ത് കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്നതു പോലെ ബഫർസോൺ നിശ്ചയിക്കുന്നതാണ് പരിഗണിക്കുന്നത്. മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
നേരത്തേ ബഫർസോൺ തീരുമാനിക്കുന്നതിന് പഞ്ചായത്തുകളെയാണ് യൂണിറ്റായി പരിഗണിച്ചിരുന്നത്. ഇങ്ങനെ കണക്കാക്കുമ്പോൾ 128 പഞ്ചായത്തുകളോളം മുഴുവനായി ഈ പരിധിയിൽപെടും. ഇതിൽ 2–3 വില്ലേജുകളിൽ വീടുകൾ ഒഴിവാക്കേണ്ട സ്ഥിതിയുണ്ട്. ഇതിനാൽ നിലവിൽ വില്ലേജുകളെ യൂണിറ്റായി വിഭജിക്കുകയായിരുന്നു. എന്നാൽ ചില പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ മാത്രമേ ബഫർസോൺ ആക്കേണ്ട സാഹചര്യമുള്ളൂവെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വാർഡ് തലത്തിൽ യൂണിറ്റുകൾ വിഭജിക്കാൻ ആലോചന തുടങ്ങിയത്.ഗാഡ്ഗിൽ കമ്മിറ്റി, കസ്തൂരി രംഗൻ റിപ്പോർട്ടുകളും സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും പരിഗണിച്ചാണ് നടപടിയെടുക്കുകയെന്ന് മന്ത്രി പറഞ്ഞു.