students

കാട്ടാക്കട: 17 വയസുകാരായ നാല് വിദ്യാർത്ഥികളെ കാട്ടാക്കട പൊലീസ് മർദ്ദിച്ചതായി പരാതി. അഞ്ചുതെങ്ങിൻമൂട്ടിൽ യോഗേശ്വര ക്ഷേത്ര പടിക്കെട്ടിലിരുന്നവരെ പൊലീസ് വിരട്ടിയോടിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്ന് രക്ഷിതാക്കൾ പറയുന്നു. ഓട്ടത്തിനിടെ വീണ ഒരാളെ പൊലീസ് ചവിട്ടുകയും ചെയ്‌തു. സംഭവം കണ്ട് കുട്ടികളിലൊരാളുടെ മാതാവ് ഓടിയെത്തി തല്ലരുതെന്നും അവർ പഠിക്കാനിരുന്നതാണെന്ന് പറഞ്ഞെങ്കിലും ഇവരെയും അസഭ്യം പറഞ്ഞെന്നാണ് പരാതി. കഞ്ചാവ് കച്ചവടമാണോടാ എന്നു ചോദിച്ചാണ് മർദ്ദിച്ചതെന്ന് കുട്ടികൾ പറഞ്ഞു. ജീപ്പിൽ വച്ചും ഇവരെ മ‌ർദ്ദിച്ചെന്നാണ് ആരോപണം. ഇവരുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്‌തു.

രക്ഷാകർത്തക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷമാണ് കുട്ടികളെ വിട്ടയച്ചത്. വീട്ടിലെത്തിയ ശേഷം കുട്ടികൾ വിശദമായി കാര്യങ്ങൾ പറഞ്ഞതോടെയാണ് ശരീരത്തിലെ പാടുകൾ കണ്ടത്. ആരോ വിളിച്ചുപറഞ്ഞാണ് രണ്ട് ജീപ്പുകളിലായി പൊലീസെത്തി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നാലുപേരെയും കാട്ടാക്കട ആശുപത്രിയിലെത്തിച്ചു. മുഖ്യമന്ത്രി,​ ഡിവൈ.എസ്.പി,​ ചൈൽഡ് ലൈൻ എന്നിവർക്ക് ഇന്ന് പരാതി നൽകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.