പഴയങ്ങാടി: മുട്ടുകണ്ടി റോഡിനോട് ചേർന്ന് പഴയങ്ങാടി പുഴയിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന കണ്ടൽസമൃദ്ധി ഇല്ലാതാവുന്നു. കണ്ടൽക്കാടുകളുടെ തോഴൻ എന്നറിയപ്പെട്ടിരുന്ന കല്ലേൻ പൊക്കുടൻ ഇരുപത് വർഷം മുമ്പ് റോഡ് വികസനത്തിന്റെ പേരിൽ കണ്ടൽക്കാടുകൾ പിഴുതെറിയപെട്ടപ്പോൾ പുഴയിലിറങ്ങി കണ്ടൽ നടാൻ തുടങ്ങിയിരുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ പൊക്കുടൻ നട്ട കണ്ടൽ ചെടികളടക്കം ആകാശം മുട്ടെ ഉയർന്ന് വലിയ കണ്ടൽ പരപ്പായി മാറിയിരിക്കുന്നു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ ഉള്ള മേഖലകളാണ് മാടായി, ഏഴോം,പട്ടുവം,ചെറുകുന്ന്,കുഞ്ഞിമംഗലം,കണ്ണപുരം,മാട്ടൂൽ പഞ്ചായത്തുകൾ. അതിമനോഹരമായ സമൃദ്ധമായി കിടക്കുന്ന ഈ കണ്ടൽകാട് കോഴി മാലിന്യം അടക്കം പുഴയിലേക്ക് തള്ളുന്നത് കാരണം നാശത്തിന്റെ വക്കിലാണ്. പ്രകൃതിയുടെ വിസ്മയമയവും സംരക്ഷകരുമായ കണ്ടൽക്കാടുകൾ പൂർണ്ണമായും സംരക്ഷിക്കാൻ ഈ മേഖലയെ കണ്ടൽ ഹെറിറ്റേജ് സെന്ററായി ഉയർത്തണമെന്ന ആവശ്യത്തെ തുടർന്ന് മുൻ വനം വകുപ്പ് മന്ത്രി രാജു കണ്ടൽ പരപ്പുകൾ സന്ദർശിച്ചിരുന്നു. ജനകീയ പങ്കാളിത്തത്തോടെ കണ്ടൽ സംരക്ഷണം ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതിക്ക് രൂപം കൊടുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പിലായില്ല. പുഴയുടെ കരയിൽ നിന്ന് വ്യാപിച്ച് കിടക്കുന്ന കണ്ടൽപ്പരപ്പിൽ വിവിധയിനം പറവകളുടെ പറുദീസ കൂടിയാണ്. ചെറുതും വലുതുമായ ആയിരകണക്കിന് പക്ഷികളാണ് ഈ വനപക്ഷി സങ്കേതത്തിൽ ഉള്ളത്. നാടൻ കൊക്കുകൾ മുതൽ നീർപക്ഷികളിൽ ഏറ്റവും വലിയ പക്ഷിയായ കണ്ടിയപ്പൻകൊക്ക് വരെ ഇവിടെ ഉണ്ട്. രാവിലെ പക്ഷികൾ കൂടു വിടുന്നതും വൈകീട്ട് ചേക്കേറാൻ വരുന്നതും മനോഹരമായ കാഴ്ചയാണ്. പഴയങ്ങാടിയിലെ കണ്ടൽപ്പരപ്പുകൾക്ക് അടുത്തായിട്ടാണ് ടൂറിസം വകുപ്പിന്റെ റിവർവ്യൂ പാർക്ക് സ്ഥിതി ചെയ്യുന്നത്. പറവകളുടെ ആവാസകേന്ദ്രം കൂടിയായ കണ്ടൽപ്പരപ്പ് അടക്കമുള്ള കണ്ടൽക്കാടുകൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.