വിതുര: വിതുര പഞ്ചായത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞത് ആശ്വാസം പകരുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വിതുരയിൽ കൊവിഡ് വ്യാപനവും മരണവും അതിരൂക്ഷമായിരുന്നു. പഞ്ചായത്തിലെ 17 വാർഡുകളിലും കൊവിഡ് നടമാടി. ആദിവാസി തോട്ടം മേഖലകളിലും കൊവിഡ് പിടിമുറുക്കി. രണ്ടാഴ്ചകൊണ്ട് 400ൽ പരം പേരെ കൊവിഡ് കീഴടക്കി. 15 പേർ മരിക്കുകയും ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റ് നിരക്കും കുത്തനെ ഉയർന്നു.
കഴിഞ്ഞ വർഷം വിതുരയിൽ കൊവിഡ് വ്യാപനം വളരെ കുറവായിരുന്നു. എന്നാൽ ഇക്കുറി സ്ഥിതി പാടെ മാറിമറിയുകയായിരുന്നു. കഴിഞ്ഞ തവണ പഞ്ചായത്തിലെ ബോണക്കാട് വാർഡ് കൊവിഡ് മുക്തമായിരുന്നു. ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതിനാൽ തൊഴിലാളികളിൽ ആർക്കും കൊവിഡ് പിടികൂടിയില്ല. എന്നാൽ രണ്ടാം തരംഗം ബോണക്കാടിനെയും കീഴടക്കി.
മുപ്പതിൽ പരം തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചു. മരുതമാല, പൊന്നാംചുണ്ട്, മണലി വാർഡുകളിലെ ആദിവാസി കോളനികളിലേക്കും കൊവിഡ് കടന്നു കയറി. നിരവധി ആദിവാസികൾ മരിക്കുകയും ചെയ്തു. മാത്രമല്ല വിതുര പൊലീസ് സ്റ്റേഷനിൽ സി.ഐയ്ക്കും, എസ്.ഐയ്ക്കും മടക്കം 14 പൊലീസുകാർക്കും കൊവിഡ് പിടികൂടി. രോഗവ്യാപനം വർദ്ധിച്ചതോടെ പഞ്ചായത്തിലെ 17 വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളാക്കി കളക്ടർ പ്രഖ്യാപനവും നടത്തി. തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
വാർഡുതല കർമ്മസമിതികൾ രൂപീകരിച്ച് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഒാഫീസർ ഡോ. ശശി, വിതുര സി.ഐ വിപിൻ ഗോപിനാഥ്, എസ്.ഐ അനീസ് എന്നിവർ ശക്തമായി രംഗത്തിറങ്ങി. അടൂർ പ്രകാശ് എം.പി, ജി. സ്റ്റീഫൻ എം.എൽ.എ, മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വിതുരയിൽ സജീവമായിരുന്നു.
ശുചീകരണപ്രവർത്തനവും ബോധവത്കരണവും
കൊവിഡ് രോഗികൾക്കായി ആനപ്പാറയിൽ കൊവിഡ് കെയർ സെന്റർ ആരംഭിക്കുകയും ഭക്ഷണം വിതരണം നടത്തുന്നതിനായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുകയും ചെയ്തു. വിതുര ഫയർഫോഴ്സ് യൂണിറ്റും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉൗർജം പകർന്നു. മെഡിക്കൽ ക്യാംപുകളും ബോധവത്കരണവും, ശുചീകരണപ്രവർത്തനങ്ങളും നടത്തി. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചതോടെ കൊവിഡ് വ്യാപനം ക്രമേണ താഴ്ന്നുവരികയായിരുന്നു. വിതുരയുടെ തൊട്ടടുത്ത പഞ്ചായത്തായ തൊളിക്കോട്ടും കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വിതുര പഞ്ചായത്തിലെ കൊവിഡ് കണക്ക്
മുൻപ് - 420 ഇപ്പോൾ-40
മരണം-15
തൊളിക്കോട് പഞ്ചായത്ത്
മുൻപ് -220 ഇപ്പോൾ - 53
മരണം-14