ദിവസേനയുള്ള ഇന്ധന വില വർദ്ധനയേ പൊതുചർച്ചയ്ക്കും വലിയ ആക്ഷേപത്തിനും വിധേയമാകാറുള്ളൂ. ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഇതിനെക്കാൾ ഗുരുതരമായ വിലക്കയറ്റം അനുഭവപ്പെടുന്ന എത്രയോ മേഖലകൾ വേറെയും ഉണ്ട്. നിർമ്മാണ സാമഗ്രികൾക്ക് അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റം ഇതിൽ പ്രധാനപ്പെട്ടതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് നിർമ്മാണ വസ്തുക്കൾക്ക് ഏറ്റവും വലിയ വില. കരാറുകാർ മാത്രമല്ല ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വന്തമായൊരു കൂര വച്ചു താമസിക്കാനൊരുങ്ങുന്ന പാവങ്ങളും എരിപൊരികൊള്ളുകയാണിപ്പോൾ.
രാജ്യത്ത് സിമന്റ് കമ്പനികളെല്ലാം കാർട്ടലുകളെപ്പോലെ പ്രവർത്തിക്കുന്നതിനാൽ വില ഏതാണ്ട് ഒരേ പോലെയാണ്. അഞ്ചോ പത്തോ രൂപയുടെ വ്യത്യാസമേ വിവിധ ബ്രാൻഡ് സിമന്റുകൾ തമ്മിലുണ്ടാവൂ. കഴിഞ്ഞ വർഷവും ലോക്ക‌്‌ഡൗൺ നാളുകളിൽ ഒരു കാരണവുമില്ലാതെ സിമന്റിന് കമ്പനികൾ വില കൂട്ടിയിരുന്നു. ഇത്തവണയും അത് ആവർത്തിച്ചു. അങ്ങനെ സിമന്റിന്റെ ചില്ലറ വില്പന വില പാക്കറ്റിന് അഞ്ഞൂറു രൂപയ്ക്കടുത്താണിപ്പോൾ. . സിമന്റിന് സിമന്റ് തന്നെ വേണമെന്നതിനാൽ വില എത്ര കൂടിയാലും നിർമ്മാണാവശ്യത്തിന് അത് വാങ്ങിത്തന്നെ തീരണം. കമ്പനികളെല്ലാം ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ സിമന്റ് വ്യാപാരികളും കൈമലർത്തുകയാണ്. സിമന്റ് മാത്രമല്ല കമ്പി, പാറ, മെറ്റൽ, മണൽ ഉൾപ്പെടെ എല്ലായിനം നിർമ്മാണ വസ്തുക്കൾക്കും വില പുതിയ ഉയരങ്ങളിൽ എത്തിക്കഴിഞ്ഞു. കിലോയ്ക്ക് നാല്പതും നാല്പത്തഞ്ചും രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോൾ എഴുപതു രൂപ വരെ നൽകണം. മറ്റു സാമഗ്രികൾക്കുമുണ്ട് ആനുപാതികമായ വിലക്കയറ്റം. അമിതഭാരം സൃഷ്ടിക്കുന്ന ഈ വിലവർദ്ധന നിയന്ത്രിക്കാൻ നടപടികളൊന്നുമുണ്ടാകുന്നുമില്ല. സർക്കാരിന്റെ നിർമ്മാണ ജോലികൾ പലതും ഏറ്റെടുക്കാൻ കരാറുകാരും തയ്യാറാകുന്നില്ല. ആറുമാസത്തെ കാലാവധിക്കുള്ളിൽ പൂർത്തിയാക്കേണ്ട പണി പോലും പൂർത്തിയായി വരുമ്പോൾ കരാർ തുകയിൽ നിൽക്കാത്ത വിധമാണ് നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം. വിലവർദ്ധനയ്ക്ക് പരോക്ഷമായി ഭരണകൂടവും ഉത്തരവാദികളാണെന്നതാണ് അധികമാരും അറിയാതെ പോകുന്നത്. സിമന്റ്, കമ്പി തുടങ്ങിയ നിർമ്മാണ വസ്തുക്കളുടെ നികുതി ഏറ്റവും ഉയർന്ന 28 ശതമാനം സ്ളാബിലാണ് പെടുത്തിയിട്ടുള്ളത്
പാവപ്പെട്ടവന്റെ വീടിന് മൂന്നുലക്ഷവും നാലുലക്ഷവുമൊക്കെ നിർമ്മാണച്ചെലവു കണക്കാക്കി ഭവന നിർമ്മാണ പദ്ധതികൾ ആവിഷ്കരിക്കുന്ന ആസൂത്രണ വിദഗ്ദ്ധന്മാരും സർക്കാരുകളും കെട്ടിട നിർമ്മാണ സാമഗ്രികൾക്ക് അടിക്കടി ഉണ്ടാകുന്ന ഭീമമായ വിലക്കയറ്റം നിയന്ത്രിക്കാൻ എന്തു നടപടിയാണ് എടുക്കുന്നതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഉയർന്ന വരുമാനക്കാരുടെ കാര്യം വിടാം. യഥേഷ്ടം മുടക്കാൻ കൈയിലൊന്നുമില്ലാത്ത പാവപ്പെട്ടവരുടെ താത്‌പര്യം കൂടി നോക്കേണ്ടതുണ്ടല്ലോ.
ഭക്ഷ്യവസ്തുക്കൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതുപോലെ നിർമ്മാണ വസ്തുക്കളിൽ ഏറിയ പങ്കും പുറത്തുനിന്നു വേണം ഇവിടെ എത്താൻ. അതുകൊണ്ടുതന്നെ കമ്പനികൾ പറയുന്ന വില കൊടുത്ത് ഉത്പന്നങ്ങൾ വാങ്ങുകയേ വഴിയുള്ളൂ. നിർമ്മാണ വസ്തുക്കളുടെ ന്യായവില ഉറപ്പാക്കേണ്ട സന്ദർഭമാണിത്.