തിരുവനന്തപുരം: കൊവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടംതിരിയുമ്പോഴും ഒരു കുലുക്കവുമില്ലാതെ പെട്രോളിന്റെയും ഡീസലിന്റെയും വില നിത്യേന കൂട്ടുന്ന കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെചുമതലയുള്ള എ.വിജയരാഘവൻ പറഞ്ഞു. പ്രീമിയം പെട്രോളിന്റെ വില കേരളത്തിൽ ലിറ്ററിന് നൂറുരൂപ കടന്നിരിക്കുകയാണ്. ഈ നില തുടർന്നാൽ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസങ്ങൾക്കുള്ളിൽ നൂറുകടക്കും. കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. തങ്ങൾ എന്തും ചെയ്യും, ആരും ചോദ്യം ചെയ്യരുതെന്ന നരേന്ദ്രമോദി സർക്കാരിന്റെ ധിക്കാരമാണ് ഇതിന് പിന്നിൽ.