കോവളം: മാനസിക രോഗിയായ അജ്ഞാതൻ എ.ടി.എം കൗണ്ടറിൽ നടത്തിയ പരാക്രമം പൊലീസുകാരെ വലച്ചു. ഇന്നലെ പുലർച്ചെ 12.30ഓടെ കോവളം ജംഗ്ഷനിലെ ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലായിരുന്നു സംഭവം. 50വയസു തോന്നിക്കുന്ന അജ്ഞാതൻ തുറന്നുകിടന്ന സെർവർ റൂമിൽ കയറി മെഷീനിൽ വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഇതിനിടെ ഉച്ചത്തിൽ അലാറം മുഴങ്ങുകയും സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കോവളം പൊലീസ് സ്ഥലത്തെത്തുകയും ചെയ്‌തു. കൗണ്ടറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.

ഏറെനേരം പണിപ്പെട്ടാണ് പൊലീസ് ഇയാളെ ഇവിടെ നിന്ന് മാറ്റിയത്.

രാവിലെ 11.30ഓടെ ബാങ്ക് ഉദ്യോഗസ്ഥരും ടെക്‌നീഷ്യന്മാരും സ്ഥലത്തെത്തി പരിശോധിച്ച ശേഷം സെർവർ മെഷീനുകൾക്ക് കേടുപാടില്ലെന്ന് അറിയിച്ചു. പിന്നാലെ തുറന്നുകിടന്ന സെർവർ റൂം ഉദ്യോഗസ്ഥർ പൂട്ടി.