വർക്കല: ചാവർകോട് സി.എച്ച്.എം.എം കോളേജ് വിദ്യാർത്ഥികളുടെ സന്നദ്ധ സംഘടനയായ കനിവിന്റെയും കോളേജ് മാനേജ്മെന്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന കൊവിഡ്
ദുരിതാശ്വാസ പ്രവർത്തനവും പരിസ്ഥിതി ദിനാചരണവും അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കനിവ് സംഭാവന ചെയ്ത 50 പൾസ് ഒാക്‌സി മീറ്ററുകൾ വി. ജോയി എം.എൽ.എ ട്രസ്റ്റ് ചെയർമാൻ കെ.ആർ. നാസറിൽ നിന്ന് ഏറ്റുവാങ്ങി. അതോടൊപ്പം പരിസരവാസികളായ അശരണർക്കുള്ള ഭക്ഷ്യക്കിറ്റും അദ്ദേഹത്തിന്റെയും ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.ബി. സലിമിന്റെയും ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. തുടർന്ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സി.എച്ച്.എം.എം കാമ്പെസിൽ വൃക്ഷത്തൈയും നട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ അദ്ധ്യക്ഷതയിൽ ട്രഷറർ ഷിഹാബുദ്ദീൻ, സെക്രട്ടറി അസ്‌ഹർ റിഫായി, വൈസ് ചെയർമാന്മാരായ പള്ളിപ്പുറം ഷാജഹാൻ, കാസിം അൻസാരി, മുഹമ്മദ് രാജ, കനിവ് കൺവീനർ ആദർശ് എന്നിവർ പങ്കെടുത്തു.