കാട്ടാക്കട: കാട്ടാക്കടയിൽ 17 വയസുകാരായ നാല് വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കി. പരാതി നൽകിയതിനെ തുടർന്ന് ബാലാവകാശ കമ്മിഷൻ സ്ഥലത്തെത്തി തെളിവെടുത്തു. കുട്ടികളുടെ ദേഹത്ത് മർദ്ദനത്തിന്റെ പാടുകൾ കണ്ട കമ്മിഷൻ കാട്ടാക്കട എസ്.ഐക്ക് ശക്തമായ ഭാഷയിൽ താക്കീത് നൽകി. കുട്ടികൾ കൂട്ടംകൂടി കഞ്ചാവ് വലിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയതെന്നാണ് എസ്.ഐ കമ്മിഷൻ മുൻപാകെ പറഞ്ഞത്. കഞ്ചാവോ ബീഡി വലിച്ചതിന്റെ അവശിഷ്ടമോ കണ്ടെത്തിയോയെന്ന ചോദ്യത്തിന് ഒന്നും കിട്ടിയില്ലെന്ന് എസ്.ഐ മറുപടി പറഞ്ഞതും കമ്മിഷനെ ചൊടിപ്പിച്ചു. കുട്ടികളെ പിടിക്കാൻ പൊലീസിന് എന്ത് അധികാരമെന്ന കമ്മിഷന്റെ ചോദ്യത്തിന് എസ്.ഐ മറുപടി നൽകിയില്ല.
അഞ്ചുതെങ്ങിൻമൂട്ടിൽ യോഗേശ്വര ക്ഷേത്ര പടിക്കെട്ടിലിരുന്ന കുട്ടികളെ പൊലീസ് വിരട്ടിയോടിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. കഞ്ചാവ് കച്ചവടമാണോടാ എന്നാണ് പൊലീസ് ചോദിച്ചതെന്നും കുട്ടികൾ കമ്മിഷന് മുമ്പാകെ മൊഴി നൽകി. ജീപ്പിൽ വച്ച് എസ്.ഐയും സി.ഐയുമാണ് മർദ്ദിച്ചതെന്ന് കുട്ടികൾ പറഞ്ഞു. മൊബൈൽ ഫോൺ പരിശോധിച്ചെങ്കിലും അശ്ലീല ചിത്രങ്ങളോ മറ്റ് ഫോട്ടോകളോ ഇല്ലായിരുന്നെന്നും പൊലീസ് സമ്മതിച്ചു. ആരോ വിളിച്ചുപറഞ്ഞാണ് രണ്ട് ജീപ്പുകളിലായി പൊലീസെത്തി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ കമ്മിഷനോട് പറഞ്ഞു.
പൊലീസ് അതിക്രമത്തിന്
ന്യായീകരണമില്ല: ബാലാവകാശ കമ്മിഷൻ
കാട്ടാക്കട: കുട്ടികൾക്കെതിരെയുള്ള പൊലീസ് അതിക്രമത്തിന് ന്യായീകരണമില്ലെന്ന് ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി. മനോജ്കുമാർ പറഞ്ഞു. കുട്ടികളുടെ ദേഹത്ത് മർദ്ദനത്തിന്റെ പാടുകൾ കണ്ടു. മർദ്ദനം നടന്നുവെന്ന് തന്നെയാണ് മനസിലാക്കുന്നത്. പൊലീസിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുശേഷം കർശനമായ നടപടി സ്വീകരിക്കുമന്നും കമ്മിഷൻ പറഞ്ഞു. കുട്ടികളെ കൊണ്ടുപോയ സി.ഐയുടെ ജീപ്പിൽ നിന്ന് മർദ്ദിക്കാനുപയോഗിച്ച ഫൈബർ കേബിൾ വയറും കണ്ടെത്തി. പൊലീസ് ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞ അദ്ദേഹം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഫോൺ നമ്പരും നൽകി. സംഭവസ്ഥലവും പരിസരവും അദ്ദേഹം നേരിട്ട് സന്ദർശിച്ചു.
കേസ് പിൻവലിപ്പിക്കാൻ
പൊലീസിന്റെ ശ്രമം
കാട്ടാക്കട: കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനെത്തിയ കേസ് പിൻവലിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയതായി പരാതി. കേരളകൗമുദിയിൽ വാർത്ത വന്നതോടെ ഇന്നലെ രാവിലെയോടെ ഇവർ വീടുകളിലെത്തി സംസാരിക്കുകയായിരുന്നു. ലോക്ക് ഡൗണിൽ കുട്ടികൾ പുറത്തിറങ്ങിയത് തെറ്റാണെന്നും സ്വാഭാവികമായി പൊലീസ് ചെയ്‌ത നപടിയുടെ ഭാഗമാണിതെന്നും ഡിവൈ.എസ്.പി വിശദീകരിച്ചു. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ രക്ഷിതാക്കളെ ഒരുമിച്ചുകാണാതെ പ്രത്യേകം വിളിച്ച് സംസാരിച്ച് കേസ് ഒതുക്കിത്തീർക്കാനും ഇന്നലെ ശ്രമമുണ്ടായി. എന്നാൽ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചുനിന്നു.
ശക്തമായ നടപടിയുണ്ടാകും :
ഐ.ബി. സതീഷ് എം.എൽ.എ
കാട്ടാക്കട: സർക്കാർ നയത്തിനെതിരായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഐ.ബി. സതീഷ്.എം.എൽ.എ അറിയിച്ചു. മർദ്ദനമേറ്റ കുട്ടികളുടെ വീട്ടിൽ അദ്ദേഹമെത്തി.
പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ്
ചെയ്യണം :മലയിൻകീഴ് വേണുഗോപാൽ
കാട്ടാക്കട: കുട്ടികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു.