കോവളം: കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവല്ലം വാർഡിൽ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അനാസ്ഥയെന്ന് ആരോപണം. 260 രോഗികളുള്ള വാർഡിനെ ആരോഗ്യവകുപ്പ് കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആളുകൾ ഇങ്ങോട്ടേക്ക് എത്തിത്തുടങ്ങിയത് രോഗവ്യാപനം കൂട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്.

50ഓളം രോഗികളുള്ള ഇടയാറിൽ അധികൃതരുടെ ഇടപെടലിന് തുടർന്നാണ് പൊലീസ് കാവൽ പിൻവലിച്ചത്. ഇതോടെ പൂന്തുറ,​ കുമരിച്ചന്ത,​ ചേര്യാമുട്ടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി ആളുകൾ ഇടയാറിൽ പ്രവേശിക്കാൻ തുടങ്ങി. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പൊലീസും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ഇടയാർ നിവാസികളുടെ ആവശ്യം.